പ്രളയവും കൊവിഡും തകർത്ത കാലം, പ്രതീക്ഷ വിടാതെ ആറന്മുളക്കാർ
സമയം ഉച്ചയോടടുത്തപ്പോഴേക്കും ക്ഷേത്രത്തിൽ ആളുകളുടെ എണ്ണം കൂടി. പാർത്ഥസാരഥിയെ കണ്ട് വണങ്ങാൻ ദൂരെനിന്നും എത്തിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. പള്ളിയോടങ്ങൾ കരക്കടുക്കുന്നത് കാണാനും വള്ളസദ്യയിൽ പങ്കെടുക്കാനുമായി അക്ഷമയേതും കൂടാതെ തന്നെ അവർ കാത്തിരുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ലോകം കടന്നു പോകുന്നത് തികച്ചും വ്യത്യസ്തമായ അനുഭവങ്ങളുടെ വഴികളിലൂടെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നു വന്ന മഹാമാരി ലോകത്തെയാകെ പിടിച്ച് കുലുക്കി കഴിഞ്ഞു. ഓരോ രാജ്യവും അതിന്റെ നഷ്ടങ്ങളിൽ നിന്നും കരകയറാനുള്ള തീവ്രശ്രമങ്ങളിലാണ്. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷഫലങ്ങളിൽ ആളുകൾ പകച്ചു നിൽക്കുകയാണ്. വെള്ളപ്പൊക്കവും കൊടും വരൾച്ചയുമൊന്നും ലോകത്തിനിപ്പോൾ പുതുമയല്ല.
ആറന്മുളയുടെ കാര്യവും വേറെയല്ല. കഴിഞ്ഞ രണ്ട് വർഷങ്ങളായി അവർക്ക് പ്രിയപ്പെട്ടവയെല്ലാം ചടങ്ങുകൾ മാത്രമാണ്, ആറന്മുള വള്ളസദ്യയടക്കം. 2018 -ലെ വെള്ളപ്പൊക്കം വന്നപ്പോൾ പലരും അഭയം തേടിയത് പാർത്ഥസാരഥിയുടെ ക്ഷേത്രത്തിലും ഊട്ടുപുരയിലും.
അമ്പലത്തിന് മുന്നിൽ ദൈവങ്ങളുടെ ചിത്രവും മറ്റും വിൽക്കുന്ന ഗോപാല കൃഷ്ണനും പറയാനുണ്ട് 2018 -ലെ പ്രളയത്തിന്റെ ഓർമ്മ.
'അന്ന് പടിക്കെട്ട് വരെ വെള്ളം കയറി. കുറച്ചങ്ങോട്ട് പോയാൽ വീടായി. എന്നാൽ, പെട്ടെന്ന് വെള്ളം കയറിയപ്പോൾ വീട്ടിൽ പോകാനായില്ല. ഇവിടെ തന്നെ നിക്കേണ്ടി വന്നു. സാധനങ്ങളെല്ലാം കുറേ പോയി. കുറേ എടുത്ത് കയറ്റി വച്ചു. അന്ന് ക്ഷേത്രത്തിനകത്താണ് അഭയം തേടിയത്. കുറേ കച്ചവടക്കാരുടെ സകല സാധനങ്ങളും വെള്ളപ്പൊക്കത്തിൽ പോയി' എന്ന് അദ്ദേഹം പറയുന്നു.
35 വർഷമായി ഗോപാല കൃഷ്ണൻ ഇവിടെ കച്ചവടം നടത്തുന്നു. എന്നാൽ, ഇതുവരെയും അങ്ങനെയൊരു പ്രളയം കണ്ടിട്ടില്ല എന്ന് സാക്ഷ്യം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ വള്ളസദ്യയോ ആഘോഷമോ ഒന്നും വേണ്ട പോലെ നടക്കാത്ത നിരാശയും ഈ വർഷത്തെ ഇന്നലെയടക്കം എത്തിച്ചേർന്ന ആളുകളെ കണ്ട സന്തോഷവും ഒരുപോലെയുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ. 'ഇന്നലെ വലിയ ആളായിരുന്നു അമ്പലത്തിലെങ്ങും. വലിയ സന്തോഷം തോന്നി' എന്ന് അദ്ദേഹം എടുത്ത് പറയുന്നു.
ഇടശ്ശേരിമല കരയിലെ അംഗമാണ് ഗോപാല കൃഷ്ണൻ. ചെറുപ്പം മുതൽ തന്നെ പള്ളിയോടങ്ങളിലൊക്കെ പോകാറുണ്ടായിരുന്നു. ഇപ്പോൾ ഈ തൊഴിലായതു കൊണ്ടും പ്രായമായത് കൊണ്ടുമാണ് പോകാത്തത് എന്ന് ആവേശമൊട്ടും ചോരാതെ അദ്ദേഹം കൂട്ടിച്ചേർത്തു.
സമയം ഉച്ചയോടടുത്തപ്പോഴേക്കും ക്ഷേത്രത്തിൽ ആളുകളുടെ എണ്ണം കൂടി. പാർത്ഥസാരഥിയെ കണ്ട് വണങ്ങാൻ ദൂരെനിന്നും എത്തിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. പള്ളിയോടങ്ങൾ കരക്കടുക്കുന്നത് കാണാനും വള്ളസദ്യയിൽ പങ്കെടുക്കാനുമായി അക്ഷമയേതും കൂടാതെ തന്നെ അവർ കാത്തിരുന്നു.
ആവേശം ചോരാതെ ആറന്മുള, ഓരോ കരക്കാരും കാത്തിരിക്കുന്ന ഉത്സവകാലം, ഇത് വള്ളസദ്യയുടെ നാളുകൾ
കടയിലെത്തിയവർക്ക് ഉപ്പുസോഡ പകരുകയായിരുന്നു ഉഷ. ഈ വർഷം ഇത്രയധികം ആളുകളെ കാണാനായതിന്റെ സന്തോഷം അവർ മറച്ചു വയ്ക്കുന്നില്ല. പത്തനംതിട്ടക്കാരിയായ ഉഷ 32 വർഷമായി ഈ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തന്റെയീ വീട്ടിലുണ്ട്. അതിന് മുന്നിലാണ് കൊച്ചുകട. വള്ളസദ്യ നടക്കുന്ന കാലങ്ങളിലെ ആളും ബഹളവും അവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഴിഞ്ഞ വർഷങ്ങളിൽ അതില്ലാത്തതിന്റെ വേദന മുഴുവനും ഈ വർഷം ആളുകൾ വരുന്നത് കണ്ട് തീർക്കുകയാണവർ.
'ഇതാണ് നമുക്ക് ഏറ്റവും വലിയ ആഘോഷം' എന്ന് ഉഷ എടുത്ത് പറയുന്നു. '2018 -ൽ ആദ്യമായി അങ്ങനെയൊരു വെള്ളപ്പൊക്കം കണ്ടു. വീട് മുക്കാലും മുങ്ങിപ്പോയി. ഊട്ടുപുരയിൽ നാലഞ്ച് ദിവസമാണ് അഭയം തേടിയത്. കഴിഞ്ഞ വർഷങ്ങളിലാണ് എങ്കിൽ കൊവിഡാണ് കച്ചവടം കൊണ്ടുപോയത്. ഒരു കച്ചവടവും ആ വർഷങ്ങളിൽ നടന്നില്ല' എന്നും അവർ പറയുന്നു. പുറത്തെ തിരക്കുകളിലേക്ക് കണ്ണ് നട്ട് അവരാ നിരാശ തീർത്തു.
അടുത്ത ആഴ്ചയെത്തുന്ന ആറാട്ടുപുഴ കരയുടെ പള്ളിയോടത്തിന്റെ ക്യാപ്റ്റനാണ് അനീഷ്. അതിന്റെ ടെൻഷനിലാണ് നടപ്പ്. പള്ളിയോടം നല്ല അവസ്ഥയിലാണ് എന്ന് ഉറപ്പിക്കണം. എന്തെങ്കിലും പണിയുണ്ടെങ്കിൽ കമ്മിറ്റിയിൽ പറഞ്ഞ ശേഷം ആശാരിയെ വിളിച്ച് അത് ചെയ്യിക്കണം. അമ്പതോ നാൽപതോ മുപ്പതോ ഒക്കെ ആളുകളാണ് പള്ളിയോടത്തിൽ കയറുന്നത്. അവരെ ഉറപ്പിക്കണം. അവർക്ക് നീന്തലറിയില്ലേ എന്ന ടെൻഷൻ വേറെയുമുണ്ട്. എല്ലാക്കാര്യവും നോക്കണം.
പൊതുയോഗം കൂടിയാണ് പള്ളിയോടത്തിന് ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ പിന്തുണയുള്ളയാൾ ക്യാപ്റ്റനാകും. മൂന്നുമാസം മുമ്പാണ് അനീഷിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി അനീഷ് തന്നെയാണ് ക്യാപ്റ്റൻ. വെള്ളപ്പൊക്കത്തെ പേടിയുണ്ട്. വെള്ളപ്പൊക്കം വന്നാൽ വള്ളത്തിന്റെ സുരക്ഷ നോക്കണം. രാത്രിയായാലും പകലായാലും വെളുപ്പിനായാലും വള്ളം മറിയുന്നുണ്ടോ ചെരിയുന്നുണ്ടോ എന്നെല്ലാം നോക്കണം എന്ന് അനീഷ് പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പ്രളയവും കൊവിഡും ഒക്കെ കൂടി സമ്മാനിച്ചത് എന്നും അനീഷ് തുറന്ന് സമ്മതിക്കുന്നു.
സമയം പന്ത്രണ്ട് മണിയോടടുത്തു. കടവിൽ പള്ളിയോടങ്ങളെത്തി തുടങ്ങി. കഴിഞ്ഞ വർഷങ്ങളിലെ തണുത്തു പോയ ആഘോഷങ്ങൾക്ക് ചൂടു പകരാനെന്ന വണ്ണം ആവേശമൊട്ടും ചോരാതെ വഞ്ചിപ്പാട്ട് ഉയർന്നു. ഇടയ്ക്ക് പരിഭവം പറഞ്ഞ് ചാറിയെത്തുന്ന മഴയെ പോലും വക വയ്ക്കാതെ അവർ പാട്ടും കൊട്ടും ഉച്ചത്തിലാക്കി. ലോകമെമ്പാടും ആളുകൾ ഈ ദുരിതകാലങ്ങൾ തീർന്ന് ആഘോഷത്തെ കൊതിക്കുമ്പോൾ ആറന്മുളയും അതിനൊപ്പം ചേരുകയാണ്.