സാനിറ്ററി നാപ്കിനും മെൻസ്ട്രൽ കപ്പും സംഭാവനയായി സ്വീകരിക്കും, കയ്യടി നേടി ഒരു ക്ഷേത്രം
ഈ സാനിറ്ററി നാപ്‍കിനുകൾ ഇവർ പിന്നീട് സ്ത്രീകൾക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകളായും സംഭാവനകളായും വിവിധ വസ്തുക്കൾ സ്വീകരിക്കാറുണ്ട്. ഭോപ്പാലിലെ അന്നപൂർണാദേവി ക്ഷേത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു സംഭാവനയാണ് സ്വീകരിക്കുന്നത്. അത് സാനിറ്ററി നാപ്‍കിനാണ്. ഒപ്പം മെൻസ്ട്രൽ കപ്പും സ്വീകരിക്കും.
തികച്ചും വിഭിന്നമായ തീരുമാനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ക്ഷേത്രം മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ അരേര കോളനിയിലാണ് സ്ഥിതി ചെയ്യുന്നത്. ആർത്തവ സമയത്ത് സ്ത്രീകൾക്ക് ക്ഷേത്രപരിസരത്ത്
പ്രവേശിക്കാൻ പാടില്ലായെന്ന നിയമം ക്ഷേത്രങ്ങൾ പാലിക്കവെ തന്നെയാണ് ഭോപ്പാലിലെ ഈ ക്ഷേത്രം വ്യത്യസ്തമായ തീരുമാനം കൊണ്ട് വാർത്തയാവുന്നത്.
ഈ സാനിറ്ററി നാപ്‍കിനുകൾ ഇവർ പിന്നീട് സ്ത്രീകൾക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്നപൂർണാ ദേവി ക്ഷേത്രത്തിൽ സംഭാവന ചെയ്ത എല്ലാ സാനിറ്ററി പാഡുകളും മെൻസ്ട്രൽ കപ്പുകളും ഫാമിലി പ്ലാനിങ്ങ് അസോസിയേഷന്റെ സഹായത്തോടെ ഭോപ്പാലിലെ ചേരി പ്രദേശങ്ങളിലും പെൺകുട്ടികളുടെ സർക്കാർ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ചെയ്യുന്നത് എന്ന് ഭോപ്പാലിലെ ഹെയ്‌ഷൽ ഫൗണ്ടേഷൻ എന്ന എൻജിഒയുടെ ഡയറക്ടർ ദിപഞ്ജൻ മുഖർജി പറയുന്നു.
അസമിലെ ഗുവാഹത്തിയിലുള്ള കാമാഖ്യ ദേവി ക്ഷേത്രമാണ് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതിന് പ്രചോദനമായിത്തീർന്നത് എന്ന് പറയുന്നു. കാമാഖ്യ ക്ഷേത്രം വർഷത്തിൽ ജനപ്രിയമേളയായ അംബുബാച്ചി മേള സംഘടിപ്പിക്കാറുണ്ട്. ഇത് ആർത്തവത്തെയും ആർത്തവ ശുചിത്വത്തെയും ഒക്കെ ആഘോഷിക്കുന്ന മേളയാണ്.
എന്നാൽ, കാമാഖ്യ ക്ഷേത്രത്തിലെ ഈ ഉത്സവത്തിൽ പൂക്കളാണ് വാങ്ങി പിറ്റേ ദിവസം വിതരണം ചെയ്യുന്നത്. എന്നാൽ, ആളുകൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും വിതരണം ചെയ്യണമെന്ന തീരുമാനത്തിന്റെ പുറത്താണ് അന്നപൂർണാ ദേവി ക്ഷേത്രത്തിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യാൻ തീരുമാനിച്ചത് എന്ന് ദിപഞ്ജൻ മുഖർജി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം