ഗോത്രരാജാവിനും രാജ്ഞിക്കും ആൺകുഞ്ഞ്, ജനസംഖ്യ 136 ആയി, ആഹ്ലാദം പങ്കുവച്ച് മന്ത്രിയും
കുഞ്ഞിൻ്റെ ജനനം ഓംഗെ സമൂഹമാകെ ആഹ്ലാദത്തോടെയാണ് വരവേറ്റിരിക്കുന്നത്. പരമ്പരാഗതമായി അർദ്ധ നാടോടികളാണ് ഓംഗെ സമൂഹം. വേട്ടയാടലിലൂടെയാണ് ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്നാൽ, അവര്‍ക്ക് ഇപ്പോൾ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് റേഷനും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്.
ആൻഡമാനിലെ ഓംഗെ ഗോത്ര രാജാവായ ടോട്ടോക്കോയ്ക്കും രാജ്ഞി പ്രിയായ്ക്കും കഴിഞ്ഞ ദിവസം ഒരു ആൺകുഞ്ഞ് ജനിച്ചു. ഇതോടെ ഇവിടുത്തെ മൊത്തം ജനസംഖ്യ 136 ആയി ഉയർന്നിരിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇവിടെയുള്ള ജിബി പാന്ത് ഹോസ്പിറ്റലിൽ വച്ച് രാജ്ഞി കുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന് 2.5 കിലോഗ്രാം തൂക്കമുണ്ട് എന്നും വൈകുന്നേരം 5.55 -നാണ് നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിന് ജന്മം നൽകിയത് എന്നും പറയുന്നു. ടോട്ടോക്കോയുടെ എട്ടാമത്തെ കുഞ്ഞാണിത് എന്നും ട്രൈബൽ വെൽഫെയർ ഡിപാർട്മെന്റിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
കേന്ദ്ര ഗോത്രവർഗ മന്ത്രി അർജുൻ മുണ്ട ഈ വാർത്തയിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു, "ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓംഗെ ഗോത്രത്തിലേക്ക് ഒരു പുതിയ അംഗമെത്തിയിരിക്കുന്നു. ആ വരവ് അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്" എന്നാണ് മന്ത്രി പറഞ്ഞത്. കുഞ്ഞിന്റെ അച്ഛനും അമ്മയുമായ ടോട്ടോക്കോയെയും പ്രിയായെയും താൻ അഭിനന്ദിക്കുന്നു. അമ്മയെയും കുഞ്ഞിനെയും നന്നായി പരിപാലിക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞിൻ്റെ ജനനം ഓംഗെ സമൂഹമാകെ ആഹ്ലാദത്തോടെയാണ് വരവേറ്റിരിക്കുന്നത്. പരമ്പരാഗതമായി അർദ്ധ നാടോടികളാണ് ഓംഗെ സമൂഹം. വേട്ടയാടലിലൂടെയാണ് ഇവർ ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്നാൽ, അവര്‍ക്ക് ഇപ്പോൾ പ്രാദേശിക ഭരണകൂടത്തിൽ നിന്ന് റേഷനും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്. നേരത്തെ ഇവർ വസ്ത്രങ്ങൾ ധരിച്ച് ശീലിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അവർ വസ്ത്രം ധരിക്കുന്ന രീതികളും പിന്തുടരുന്നുണ്ട്.
1858 -ൽ ബ്രിട്ടീഷുകാർ പീനൽ സെറ്റിൽമെൻ്റ് സ്ഥാപിച്ചതിനുശേഷം, പകർച്ചവ്യാധികൾ, മദ്യം നൽകിയുള്ള ചൂഷണം, ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടൽ എന്നിവ കാരണം ഓംഗെ, ജരാവ, ഷോംപെൻ, ഗ്രേറ്റ് ആൻഡമാനീസ്, സെൻ്റിനലീസ് തുടങ്ങിയ ഗോത്രങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിനാലാണ് ഗോത്രത്തിലെ ഓരോ കുഞ്ഞിന്റെയും ജനനം ഇത്രമാത്രം ആഹ്ലാദകരമായ വാർത്തയാവുന്നത്.
(ചിത്രം പ്രതീകാത്മകം)