ഇത് ഗവ. ആശുപത്രികളിലെ സാധാരണക്കാരെ പിച്ചിച്ചീന്തുന്ന സംവിധാനം, സര്‍ക്കാര്‍ ഭയക്കുന്നത് ആരെയാണ്
സിസ്റ്റര്‍ അനിത ഉയര്‍ത്തിയ പ്രശ്‌നം അവസാനിക്കുന്നുണ്ടോ? ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അനിതയ്ക്കെതിരെ മാധ്യമങ്ങളോട് ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ അങ്ങനെ തന്നെ ബാക്കിനില്‍ക്കുകയല്ലേ. മന്ത്രി ചൂണ്ടിക്കാട്ടിയ 'സൂപ്പര്‍വൈസറി ലാപ്‌സ്' എന്ന ആ വലിയ കിടങ്ങിന്റെ ആഴമെന്താണ് എന്ന് കേരളസമൂഹം ആലോചിക്കണ്ടേ?
ഒരു വര്‍ഷത്തോളം നീളുന്ന കോടതിവ്യവഹാരങ്ങള്‍ക്കും മാസങ്ങള്‍ നീണ്ട സമരപോരാട്ടങ്ങള്‍ക്കുമൊടുവില്‍ അനിത സിസ്റ്റര്‍ ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലിക്ക് തിരിച്ചു കയറി. ഇക്കാര്യം സര്‍ക്കാര്‍ നേരിട്ടറിയിച്ചതിനെ തുടര്‍ന്ന്, സിസ്റ്റര്‍ അനിത നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി അവസാനിപ്പിച്ചു. ഇനിയും പകപോക്കല്‍ നടപടി നേരിട്ടേക്കാമെന്ന ആശങ്കയ്‌ക്കൊപ്പം, കാര്യങ്ങള്‍ അവസാനിച്ചതിലുള്ള സമാധാനം അനിത പ്രകടിപ്പിച്ചു.
എന്നാല്‍, ഇവിടം കൊണ്ട് ഈ പ്രശ്‌നം അവസാനിക്കുന്നുണ്ടോ? ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അനിതയ്ക്കെതിരെ മാധ്യമങ്ങളോട് ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ അങ്ങനെ തന്നെ ബാക്കിനില്‍ക്കുകയല്ലേ. മന്ത്രി ചൂണ്ടിക്കാട്ടിയ 'സൂപ്പര്‍വൈസറി ലാപ്‌സ്' എന്ന ആ വലിയ കിടങ്ങിന്റെ ആഴമെന്താണ് എന്ന് കേരളസമൂഹം ആലോചിക്കണ്ടേ? രോഗിയുടെ സുരക്ഷ എന്ന സുപ്രധാനമായ പാരാമീറ്ററില്‍ ഗുരുതരമായൊരു വീഴ്ച സംഭവിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊടുംക്രൂരതയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആശുപത്രിസംവിധാനങ്ങളുടെ കെടുകാര്യസ്ഥത 'നിര്‍ഭയം' വിലയിരുത്താന്‍ ആരോഗ്യമന്ത്രിയ്ക്ക് ഇനിയെങ്കിലും സാധിക്കേണ്ടതല്ലേ?
നഴ്‌സിംഗ് /മെഡിക്കല്‍ എത്തിക്‌സും ഹോസ്പിറ്റല്‍ സേഫ്റ്റി പ്രോട്ടോകോളുകളും പഠിച്ചു പാസായ ഏതൊരു മെഡിക്കല്‍ - നഴ്‌സിംഗ് പ്രൊഫഷണലിനും വളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന നൂറ് കണക്കിന് നൈതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നൊരു സംഭവമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും കാത്ത് സൂക്ഷിക്കേണ്ട മാനുഷികവും ധാര്‍മികവും തൊഴില്‍പരവുമായ മൂല്യങ്ങളുണ്ട്. അതില്ലാതെയാകുമ്പോള്‍ സംഭവിക്കാനിടയുള്ള ക്രൂരമായ മനുഷ്യാവകാശധ്വംസനളുണ്ട്. ആ നിലയ്ക്ക് ഇനിയും സമാനമായ ദുരന്തം ഉണ്ടാവാതിരിക്കാന്‍, അങ്ങനെ വന്നാല്‍, പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കച്ചകെട്ടിയിറങ്ങുന്ന 'മഹാദുരന്തം' ഒഴിവാക്കാന്‍ എന്തുചെയ്യാനാവുമെന്ന് ഇനിയെങ്കിലും കേരളസമൂഹം ചര്‍ച്ച ചെയ്യുന്നില്ലയെങ്കില്‍ അത് എത്ര ഭയാനകമാണ്!
സര്‍ക്കാരുകള്‍ ഭയക്കുന്നത് ആരെയാണ്?
രോഗമെന്ന മഹാവിപത്തും ചുമന്ന്, പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ തീവെട്ടികൊള്ളയ്ക്ക് പാങ്ങില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്നടിയുന്ന സാധാരണക്കാരെ പിച്ചിച്ചീന്തുന്ന ഈ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരുകള്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം വ്യക്തമാണ്. സംഘടനകളെയും ട്രേഡ് യൂണിയനുകളെയും ഭയന്നാണ് സര്‍ക്കാരും മേലധികാരികലും മൗനം പാലിക്കുന്നത്. അതവരുടെ ഗതികേട്. പക്ഷെ ആ നിശബ്ദതയ്ക്ക് മുന്നില്‍ പൊതുജനങ്ങള്‍ തലകുനിച്ചു നില്‍ക്കേണ്ടതില്ല.
ഇതേ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് പൊള്ളലേറ്റ യുവതി പീഡിപ്പിക്കപ്പെട്ടത്. ഇതേ കേരളത്തിലാണ് ആംബുലന്‍സില്‍ വച്ചു പെണ്‍കുട്ടി പീഡനത്തിനിരയായത്. ഒരു പോലീസുകാരന്‍ കുറ്റകൃത്യം ചെയ്യുന്നതിലും നൂറിരട്ടി ഭയാനകമാണ് ഒരു ആരോഗ്യപ്രവര്‍ത്തക/ന്‍ ക്രൈം ചെയ്യുന്നത് എന്നിരിക്കെ ഇത്ര ഗുരുതരമായ വീഴ്ച എങ്ങനെയാണ് നമ്മുടെ ആശുപത്രികളില്‍ നിരന്തരം ആവര്‍ത്തിക്കുന്നത്? അതിന് ഒറ്റ ഉത്തരമേയുള്ളൂ: എന്ത് വൃത്തികേട് കാണിച്ചാലും എത്ര വലിയ തെറ്റ് ചെയ്താലും തങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന ഉറപ്പ് ഈ ക്രിമിനലുകള്‍ക്കുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിങ്ങനെ പല കൂട്ടരുടെ സംഘടനകളും ട്രേഡ് യൂണിയനുകളും ഇവയ്‌ക്കൊക്കെ അധികാരത്തിന്റെ തണല്‍ നീര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കുഷ്ഠം പിടിച്ചൊരു ആവാസവ്യവസ്ഥയുണ്ടാക്കിയെടുത്തിരിക്കുകയാണ്. അത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് ഉടലെടുത്ത ഒന്നല്ല. കാലങ്ങളായി മറ്റേതൊരു സര്‍ക്കാര്‍ ഓഫീസുകളിലുമെന്ന കണക്ക് അഴിമതിയും കെടുകാര്യസ്ഥതയും മുറ്റി ജീര്‍ണിച്ചു പോയ ഒന്നാണത്. അധികാരത്തിന്റെ ബലത്തില്‍ തെഴുത്തു നില്‍ക്കുന്ന ആ ആവാസവ്യവസ്ഥയുടെ പരാന്നഭോജികളാണ് ഇത്തരം ക്രിമിനലുകള്‍.
മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഇതാണെങ്കില്‍ ജില്ലയിലെ താലൂക്ക് മുതല്‍ താഴെക്കുള്ള ആശുപത്രികളുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും? വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റി മുതല്‍ അങ്ങേ തലയ്ക്കല്‍ ഇരിക്കുന്ന മെഡിക്കല്‍ ഓഫീസര്‍വരെയുള്ളവര്‍ പാവപ്പെട്ട മനുഷ്യരോട് കാണിക്കുന്ന ക്രൂരതകള്‍ പുറത്തു വരേണ്ടതുണ്ട്. സുരക്ഷിതവും ചൂഷണരഹിതവുമായ ഒരു ആരോഗ്യസംവിധാനം ഉണ്ടാവുകയെന്നത് ഒരു പൗരന്റെ അടിസ്ഥാനാവകാശമാണ്. എന്നിട്ടാണ് ആരോഗ്യരംഗത്ത് ഏറെ ദൂരം സഞ്ചരിച്ച കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥ നിലനില്‍ക്കുന്നത്. പീഡകരും അവര്‍ക്ക് സഹായം ചെയ്യാന്‍ ശ്രമിച്ചവരുമൊക്കെ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ കറങ്ങി നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന സത്യത്തിന് മുന്നില്‍ ഇത്ര നിശ്ശബ്ദത ആവശ്യമുണ്ടോ കേരളീയസമൂഹമേ?
സമാനതകളില്ലാത്ത ക്രൂരത
അരക്ഷിതമായൊരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വലിയ വീഴ്ച സംഭവിക്കുമ്പോള്‍ എങ്ങനെയാണൊരു നഴ്‌സ് കൃത്യമായി ബലിയാടാകുകയും മറ്റെല്ലാ വിഭാഗക്കാരും കൈ കഴുകുകയും ചെയ്യുന്നത് എന്നതിനുള്ള കൃത്യമായ ഉദാഹരണമാവുകയാണ് ഇവിടെ അനിത സിസ്റ്റര്‍. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതി ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആവുന്നത് വാര്‍ഡ് ഇരുപതിലാണ്. അവിടെ നിന്നും തിയേറ്ററില്‍ പോകുകയും ശസ്ത്രക്രിയയ്ക്ക് ശേഷം എഫ്.എസ്.ഐ. സി.യുവില്‍ (female surgical icu) അവര്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. ഈ പറഞ്ഞയിടങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് അവിടെയെത്തുന്ന രോഗികളുടെ അവസ്ഥ ഓര്‍ത്തെടുക്കാനാകും. തീയേറ്ററില്‍ നിന്ന് നേരിട്ട് വരുന്നത് കൊണ്ട് അടിവസ്ത്രങ്ങള്‍ ഒന്നും ധരിക്കാതെ, ഒരു നേര്‍ത്ത തിയേറ്റര്‍ ഡ്രസ്സ് മാത്രമണിഞ്ഞ് അനസ്തീഷ്യകളുടെ അര്‍ദ്ധമയക്കത്തിലാകും അവര്‍. കൈകാലുകള്‍ അനക്കാന്‍ കഴിയാതെ, എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ ഉണര്‍വ്വിനുമുറക്കത്തിനുമിടയില്‍ ചാഞ്ചാടി ഏറ്റവും ദുര്‍ബലമായ അവസ്ഥയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഇവര്‍ക്ക് ഒന്ന് എതിര്‍ക്കാനോ ഒച്ച വയ്ക്കാനോ പോലും കഴിയില്ല.
ഈ പറഞ്ഞ എഫ്.എസ്.ഐ.സി.യുവില്‍ പതിമൂന്ന് കിടക്കകളാണുള്ളത്. ബന്ധുക്കള്‍ക്കോ പുറത്തു നിന്നുള്ളവര്‍ക്കോ എളുപ്പം കടക്കാന്‍ കഴിയാത്ത അടഞ്ഞൊരു മുറിയാണത്. ഓപ്പറേഷന്‍ തിയേറ്ററില്‍ കേസ് കഴിയുന്ന മുറയ്ക്ക് റിക്കവറി മുറിയില്‍ നിന്ന് ഈ പറഞ്ഞ കുടുസ്സ് ഐ. സി.യുവിലേയ്ക്ക് രോഗികളെ മാറ്റി കൊണ്ടിരിക്കും. ഇവിടെ നിന്ന് ബോധം വന്ന് സ്റ്റേബിളാകുന്ന മുറയ്ക്ക് രോഗികളെ വാര്‍ഡിലേയ്ക്കു മാറ്റും. ഈ രോഗികളെ മുഴുവന്‍ സ്വീകരിച്ചും വാര്‍ഡിലേയ്ക്ക് മാറ്റിയും നിലയില്ലാതെ ഓടാന്‍ ഇവിടെയുള്ളത് ആകെ ഒന്നോ രണ്ടോ നഴ്‌സുമാരാണ്. ഇങ്ങനെ ഒരു അടഞ്ഞ മുറിയില്‍ മയക്കം തെളിയാത്ത സ്ത്രീകള്‍ക്കിടയില്‍ വച്ചു ശാരീരികമായി ആക്രമിക്കപ്പെട്ട ആ സ്ത്രീ ഒച്ച വയ്ക്കാന്‍ കഴിയാതെ അടുത്ത് വന്നൊരു നഴ്‌സിനെ വിരലു കൊണ്ട് തൊട്ടാണ് കാര്യം അറിയിക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും തനിക്ക് സംഭവിച്ചത് പൂര്‍ണ്ണമായി ഭര്‍ത്താവിനോട് പറയാന്‍ അവര്‍ക്ക് സാധിച്ചത് രാത്രി പന്ത്രണ്ടു മണിക്ക് തിരിച്ച് വാര്‍ഡില്‍ എത്തപ്പെട്ട ശേഷമാണ്.
അതിലും വലിയ ക്രൂരത!
ഇനിയാണ് ഈ ക്രൈമിന്റെ ഏറ്റവും ഭയാനകഭാഷ്യം പുറത്തുവരുന്നത്. ഇരയായ രോഗി ആശുപത്രി ജീവനക്കാരനെതിരെ പരാതി ഉന്നയിച്ച ശേഷം അതെ ആശുപത്രിയില്‍ തുടരുമ്പോഴും അവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കാന്‍ ആശുപത്രിയ്ക്ക് കഴിയുന്നില്ല. പക്ഷേ, പീഡകനായ ജീവനക്കാരന് സുരക്ഷ ഒരുക്കാനുള്ള ശ്രമങ്ങള്‍ പരാതി വന്ന നിമിഷം മുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നു. ഇത്ര ക്രൂരമായ ലൈംഗിക പീഡനം നടത്തിയ ജീവനക്കാരനെ രക്ഷിക്കാന്‍ അതേ ആശുപത്രിയിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാരും സംഘടനകളും നെഞ്ചുംവിരിച്ച് രംഗത്തുവരുന്നു.
''ഭര്‍ത്താവ് കാട്ടുന്ന പോലൊരു പ്രവൃത്തിയല്ലേ, വിട്ടു കളയൂ'' എന്ന് ഇരയെ വന്നു കണ്ട് കൂസലില്ലാത്ത പറയാന്‍ ആ ജീവനക്കാരികള്‍ക്ക് ധൈര്യം വന്നത് മുന്‍പ് സൂചിപ്പിച്ച അതെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ്. ഇര അറിയിച്ചതിനെ തുടര്‍ന്ന് ഈ നാണംകെട്ട അവസ്ഥ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ചെയ്ത അനിത സിസ്റ്ററിനെ സുരക്ഷാ വീഴ്ച്ച ചുമത്തി കുറ്റക്കാരിയാക്കിയതും മന്ത്രിവരെയുള്ളവര്‍ വേട്ടക്കാര്‍ക്കു വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യുന്നത് ഇതേ ആവാസ വ്യവസ്ഥ കാരണമാണ്.
അപ്പോള്‍, മന്ത്രിയുടെ വീഴ്ചയോ?
ഇങ്ങനെയൊരു കേസില്‍ ഇരയായ ഒരു യുവതിയെ അന്ന് തന്നെ ഡി.എം. ഇ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി 24x7 സുരക്ഷയുള്ള മുറിയിലേയ്ക്ക് മാറ്റാത്തത് എന്ത് കൊണ്ടാണ്? പൂരപ്പറമ്പ് തോറ്റു പോകുന്ന തിരക്കുള്ള ഇരുപതാം വാര്‍ഡ് പോലൊരിടത്ത് വീണ്ടും എന്തിന് അവരെ പാര്‍പ്പിച്ചു? ഘോരഘോരം 'സൂപ്പര്‍വൈസറി ലാപ്‌സ്' അഥവാ ശ്രദ്ധക്കുറവിനെ കുറിച്ച് സംസാരിക്കുന്ന മന്ത്രി, ആരോഗ്യവകുപ്പ് ഭരിക്കുന്ന ആളെന്ന നിലയ്ക്ക് തന്റെ ഭാഗത്തുനിന്നുണ്ടായ ധാര്‍മ്മികവീഴ്ചയെക്കുറിച്ച് സമ്മതിക്കാത്തത് എന്തുകൊണ്ടാണ്? മെഡിക്കല്‍ കോളേജിലെ സുരക്ഷ വീഴ്ചകളെ കുറിച്ചും സേഫ്റ്റി പ്രോട്ടോകോളുകളെ കുറിച്ചും മന്ത്രി വാതുറക്കാത്തത് എന്ത് കൊണ്ടാണ്? ഒരു ആശുപത്രിയ്ക്ക് അവശ്യം വേണ്ടത് സുരക്ഷിത അന്തരീക്ഷം നിലനിര്‍ത്തുന്ന 'സേഫ്റ്റി പ്രോട്ടോകോള്‍' ആണ്. ആശുപത്രികള്‍ അവ കൃത്യമായി പിന്‍തുടരുന്നില്ലെങ്കില്‍ അത് ചെയ്യിക്കേണ്ട ആളാണ് മന്ത്രി. അപ്പണി അവര്‍ എടുക്കുന്നില്ലെങ്കില്‍ അതാരുടെ വീഴ്ചയാണ്?
വാര്‍ഡ് ഇരുപതിലെ അവസ്ഥ ഡി.എം.ഇക്കും മന്ത്രിക്കും അറിയില്ലെങ്കില്‍ ഒന്നവിടെ പോയിനോക്കണം. കിടക്കകളിലും നിലത്തും കട്ടിലിനടിയിലും വാര്‍ഡിന്റെ വരാന്തയിലും വാര്‍ഡിന് പുറത്തെ വരാന്തയിലുമായി നൂറ്റിയിരുപതോളം രോഗികള്‍ കിടക്കുന്ന ഒരു വലിയ വാര്‍ഡാണ് അത്. ഈ നൂറ്റിയിരുപത് രോഗികളെയും 'നോക്കാന്‍' അവിടെയുള്ളത് ആകെ രണ്ട് നഴ്‌സുമാരാണ്. അതും വൈകിട്ടായാല്‍ ഒരു റെഗുലര്‍ സ്റ്റാഫും പിന്നെ ഇന്റേണ്‍ഷിപ് ചെയ്യുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിയും! നൈറ്റ് ഡ്യൂട്ടി സ്റ്റാഫുകള്‍ ഏഴു മണിക്ക് ഇന്‍ജക്ഷന്‍ കൊടുക്കാന്‍ തുടങ്ങിയാല്‍ രാത്രി പന്ത്രണ്ടിനും പണി അവസാനിക്കില്ല .ഇതിനിടയില്‍ എങ്ങനെയാണ് രോഗികളുടെ 'സേഫ്റ്റി പ്രോട്ടോകോള്‍' നോക്കാന്‍ കഴിയുക? വരാന്തയിലും വഴിയിലും നിലത്തും കിടക്കുന്ന രോഗികള്‍ക്കിടയില്‍ ഓടുന്ന നഴ്‌സുമാരുടെ ചുമലില്‍ സര്‍വ്വ പഴിയും ചുമത്തി രക്ഷപ്പെട്ടു പോകുന്ന മന്ത്രി സ്വന്തം വീഴ്ചകളെയാണ് ഉളുപ്പില്ലാതെ ന്യായീകരിക്കുന്നത്.
മേല്‍ പറഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.എം.ഇയോടും ചോദിക്കാനുണ്ട്. ഇന്റര്‍നാഷണല്‍ പ്രോട്ടോകോള്‍ പ്രകാരം ഒരു നഴ്‌സിന് പരമാവധി എത്ര രോഗികളെ ഒരു വാര്‍ഡില്‍ നോക്കാന്‍ കഴിയും? ഒരു നഴ്‌സിനു എട്ടു രോഗി എന്ന കണക്ക് സകല പുസ്തകങ്ങളിലും ഊന്നി പറഞ്ഞിട്ടും എങ്ങനെയാണ് ഡിഎംഇക്ക് ഇത്തരം മെഡിക്കല്‍ കോളേജ് വാര്‍ഡുകളിലെ 'സേഫ്റ്റി പ്രോട്ടോക്കോളുകളെ'ക്കുറിച്ച് തലകുനിക്കാതെ കോടതികള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയുന്നത്?
നഴ്‌സ് എന്ന ബലിയാട്!
ഇനി ഇതൊക്കെ പോട്ടെ, മറ്റൊരു സുപ്രധാന കാര്യമുണ്ട്. പീഡനം നടത്തിയ വ്യക്തിയും ന്യായീകരണ തൊഴിലാളികളുമൊക്കെ കൂളായി സന്തോഷമായി നടക്കുമ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്ത നഴ്‌സ് മാത്രം ബലിയാടാവുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അവരെ മാത്രം ക്രൂശിക്കുന്നതിന് പിന്നിലുള്ള മനോഭാവം എന്താണ്? ഇതിനുത്തരം ഒരല്‍പ്പം സംശയം പോലുമില്ലാതെ പറയാം, ഇനി ഇങ്ങനെ ഇരയ്ക്ക് വേണ്ടി വാദിക്കാനൊരു നഴ്‌സിന്റെ ശബ്ദമുയരരുത് എന്ന വൃത്തികെട്ട ബോധം! അതിനപ്പുറം മറ്റൊന്നുമില്ല, നിങ്ങളുടെ ഈ ഈ ആവശത്തിന് പിന്നില്‍.
തനിക്ക് മുന്നിലെ രോഗിയുടെ ശരീരത്തില്‍ ബോധത്തിലും അബോധത്തിലും എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതിന്റെ ഒരേ ഒരു ലോഗ് ബുക്ക് അവരെ നോക്കുന്ന നഴ്‌സിംഗ് സ്റ്റാഫുകളാണ്. രോഗിയുടെ പ്രാണനും അഭിമാനത്തിനും അപകടം വരുതുന്ന എന്ത് അവര്‍ക്കു മേല്‍ നടന്നാലും ആ നിമിഷം പ്രതികരിക്കേണ്ടത് നഴ്‌സാണ്. ഇതാണ് ഈ പ്രൊഫഷന്‍ സ്വീകരിക്കുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞയിലെ സുപ്രധാനഭാഗം. പക്ഷെ സ്വതന്ത്രമായി ഒരു ചികിത്സയെയോ, ഒരു പ്രോട്ടോക്കോളിനെയോ, ഒരു ടീം മെമ്പറുടെ പെരുമാറ്റത്തെയോ 'ചലഞ്ച്' ചെയ്യാന്‍ ഒരു നഴ്‌സിന് എന്ത് സംവിധാനമാണ് നമ്മുടെ ആരോഗ്യമേഖലയിലുള്ളത്? വികസിത രാജ്യങ്ങളില്‍ നഴ്‌സിംഗ് വിഭാഗത്തിന് അങ്ങനെയൊരു അധികാരമുണ്ടെന്നിരിക്കെ ഇവിടെ മാത്രം എത്ര ഭയപ്പെട്ടാണ് ഒരു നഴ്‌സ് ജോലി ചെയ്യുന്നത്? ട്രേഡ് യൂണിയന്‍ നേതാക്കളെയും ഡോക്ടര്‍ ദൈവങ്ങളെയും ബ്യൂറോക്രാറ്റുകളെയും ഭയന്ന് എന്തൊക്കെ കൈപിഴകളും നരഹത്യകളും പീഡനങ്ങളും നഴ്‌സുമാര്‍ റിപ്പോര്‍ട്ട് ചെയ്യാതെ നോക്കി നിന്നിട്ടുണ്ടാകും!
നിര്‍ത്തരുത്, അന്വേഷണങ്ങള്‍!
'സൂപ്പര്‍വൈസറി ലാപ്‌സ്' എന്ന വാക്ക് ഒരു മന:സാക്ഷിക്കുത്തുമില്ലാതെ വിളിച്ചുപറഞ്ഞ മന്ത്ര വീണ ജോര്‍ജ് സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലെ സേഫ്റ്റി പ്രോട്ടോക്കോളുകളെ പ്പറ്റി ഒരു പഠനം നടത്താമോ? വികസിത രാജ്യങ്ങളില്‍ രോഗികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പ് വരുത്തുന്ന ഹോസ്പിറ്റല്‍ സേഫ്റ്റി റൂള്‍സ് ആന്‍ഡ് പ്രോട്ടോകോള്‍സ് കൃത്യമായ ഇടവേളകളില്‍ നവീകരിക്കുകയും കര്‍ശനമായി പാലിക്കപെടുകയും ചെയ്യാറുണ്ട്. ഇവിടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും അങ്ങനെയൊരു പ്രോട്ടോകോള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല. നിലത്ത് കിടന്ന നവജാതശിശുവിനെ പെരുച്ചാഴി കടിച്ചത് ഇതേ കേരളത്തിലാണ്. പട്ടികളും പെരുച്ചാഴികളും പാറ്റയും കൊതുകും നിറഞ്ഞ ആശുപത്രികളില്‍ അവരെക്കാള്‍ ഉപദ്രവകാരികളായ ജീവനക്കാരെ കൂടി സര്‍ക്കാര്‍ തീറ്റിപ്പോറ്റുമ്പോള്‍ രോഗികള്‍ക്ക് ഇതിലും വലിയ നരകം വേറെ കിട്ടാനില്ല. രോഗിയെ തല്ലി കൈ ഒടിച്ച അസിസ്റ്റന്റ് അല്‍പ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. കാശ് വീട്ടില്‍ കൊണ്ട് കൊടുത്താല്‍ മാത്രം ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരെ മുതല്‍ ഒ.പിയില്‍ രോഗിയുടെ മുഖത്ത് കടലാസ് വലിച്ചെറിയുന്ന വകുപ്പു തലവന്‍മാരെ ഒരു വാക്ക് മിണ്ടാന്‍ സര്‍ക്കാരിനാവില്ല. കാരണം എല്ലാ സംഘടനകളെയും ട്രേഡ് യൂണിയനുകളെയും സര്‍ക്കാറിന് ഭയമാണ്. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ചെന്ന് സെക്യൂരിറ്റിയോടോ അറ്റന്റഡറോടോ ചോദിച്ചാല്‍ കൃത്യമായി അവര്‍ പറഞ്ഞു തരും, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വൈകിട്ട് ഏതൊക്കെ മുറികളില്‍ ഇരിപ്പുണ്ടാകും, എത്ര രൂപ കാണിക്കയിട്ടാല്‍ ഒരു രോഗിയെ തിയറ്ററിലേയ്ക്ക് വേഗം എടുക്കും എന്നൊക്കെ.
ആയിരക്കണക്കിന് സ്ത്രീകള്‍ ചികിത്സയ്ക്ക് വരുന്ന മെഡിക്കല്‍ കോളേജില്‍ എത്ര നല്ല കര്‍ട്ടനുകളുണ്ടെന്ന് ബഹുമാനപ്പെട്ട മന്ത്രിയ്ക്കറിയുമോ? അറിയില്ലെങ്കില്‍ ഒന്ന് ചെന്ന് തിരക്കി നോക്കു. കീറിയതും തുള വീണതുമായ തുണി മറകള്‍ക്ക് പിന്നിലാണ് ഒപികളിലും വാര്‍ഡുകളിലും ശരീരപരിശോധനകളും മറ്റു ചികിത്സകളും നടക്കുന്നത്. പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍, വാര്‍ഡ് മുഴുവനും തിരഞ്ഞാല്‍ കൂടി ഒരു കര്‍ട്ടന്‍ സ്റ്റാന്‍ഡ് കിട്ടാതെ വരാറുണ്ട്. ഇത്തരം നൂറ് കണക്കിന് ഗതികേടുകള്‍ക്കിടയിലാണ് സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രിത്തിണ്ണകള്‍ കയറിയിറങ്ങുന്നത്. തനിക്ക് കീഴില്‍ നിലനില്‍ക്കുന്നൊരു സംവിധാനത്തിലെ പ്രധാന തകരാറുകള്‍ എന്താണെന്ന് ഒരു സാധാരണക്കാരന്റെ സ്ഥാനത്ത് നിന്ന് ചിന്തിക്കാന്‍ ആരോഗ്യ മന്ത്രിയ്ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ നമുക്ക് എന്തിനാണ് ജനപ്രതിനിധികള്‍?
സര്‍ക്കാര്‍ ആശുപത്രികളിലെ സ്ത്രീകളുടെ സുരക്ഷ നഴ്‌സുമാരുടെ തലയില്‍ മാത്രമിട്ട് 'സൂപ്പര്‍വൈസറി ലാപ്‌സ്' എന്ന വാക്കില്‍ തടി തപ്പി രക്ഷപ്പെട്ടു പോകാന്‍ ആരോഗ്യ മന്ത്രീ നിങ്ങള്‍ക്ക് ഇനിയുമാവില്ല. കാരണം ഈ സര്‍ക്കാര്‍ സംവിധാനത്തില്‍ സാധാരണക്കാരന് വേണ്ടി സംസാരിക്കാന്‍ ജനങ്ങള്‍ നിങ്ങളെയാണ് പിടിച്ചിരുത്തിയിരിക്കുന്നത്. മെഡിക്കല്‍ എത്തിക്‌സ് പ്രകാരം നിര്‍ജീവമായൊരു ശരീരത്തെ കൂടി മലിനപെടുത്താന്‍ സ്റ്റേറ്റ് അനുവദിച്ചു കൂട. സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് ഓരോ പൗരന്റെയും അഭിമാനവും അന്തസ്സും ഏത് അബോധത്തിലും കാത്ത് സൂക്ഷിക്കുക എന്നത്. കുറഞ്ഞത് അങ്ങനെയൊരു ഉറപ്പെങ്കിലും ഒരു പൗരനു കൊടുക്കാന്‍ സ്റ്റേറ്റിന് കഴിയുന്നില്ല എങ്കില്‍ എന്തിനാണ് നികുതി നല്‍കി ഒരു സര്‍ക്കാരിനെ ജനം നിലനിര്‍ത്തുന്നത്? ബ്യുറോക്രാറ്റുകള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും അടിയറവ് പറയാനുള്ളതല്ല ഒരു വകുപ്പ് മന്ത്രിയുടെ പരമാധികാരങ്ങള്‍. സംസ്ഥാനത്തെ ഏറ്റവും സാധാരണക്കാരനായ ഒരുവന്റെ നിസ്സഹായതയില്‍ നിന്ന് കൊണ്ട് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു മന്ത്രിക്ക് കഴിയുമ്പോഴാണ് ജനാധിപത്യസംവിധാനം വിജയിക്കുന്നത്. അല്ലെങ്കില്‍ പിന്നെ ഈ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്ത് ഒരു ജനപ്രതിനിധിയെ നിലനിര്‍ത്തേണ്ട ആവശ്യമില്ലല്ലോ!