ദി ഡേറ്റിംഗ് കിംഗ്: സുന്ദർരാമുവിന്റെ ലക്ഷ്യം 365 ഡേറ്റിംഗ്, പക്ഷേ, പിന്നിലെ കാരണം നാമറിഞ്ഞിരിക്കണം
അദ്ദേഹത്തിന്റെ ഓരോ ഡേറ്റും പ്രത്യേകത നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് രണ്ട് വർഷം മുമ്പ് മരിച്ച 109 വയസ്സുള്ള തന്റെ മുത്തശ്ശിയോടൊപ്പമുള്ളതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
തമിഴ് നടനും നർത്തകനും ഫോട്ടോഗ്രാഫറുമായ സുന്ദർ രാമു കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു ദൗത്യത്തിലാണ്. പരമാവധി സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുവരെ 335 സ്ത്രീകളുമായി അദ്ദേഹം ഡേറ്റിംഗ് നടത്തി കഴിഞ്ഞു. എന്നാൽ, അയാളുടെ ടാർഗറ്റ് 365 എണ്ണമാണ്. ലക്ഷ്യം പൂർത്തീകരിക്കാൻ ഇനിയും 30 ഡേറ്റിംഗ് കൂടി അദ്ദേഹം പൂർത്തിയാക്കണം. എന്നാൽ, ഇത്രയധികം സ്ത്രീകളെ ഡേറ്റിംഗ് നടത്തുന്ന അദ്ദേഹത്തെ ഒരു പൂവാലനായിട്ടായിരിക്കും സാധാരണഗതിയിൽ ആളുകൾ കാണുക. പക്ഷെ അങ്ങനെയല്ല. ഈ ഡേറ്റിംഗ് പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കാരണം അതിന്റെ പിന്നിൽ വളരെ വലിയ ഒരു ഉദ്ദേശമുണ്ട്.
അദ്ദേഹം വിവാഹമോചിതനാണെങ്കിലും, പ്രണയത്തിനോട് അദ്ദേഹത്തിന് എതിർപ്പൊന്നുമില്ല. എന്നാൽ സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുന്നത് പ്രണയിക്കാനല്ല. "ഞാൻ ഒരു സമ്പൂർണ റൊമാന്റിക് ആണ്. എന്നാൽ, ഞാൻ ഡേറ്റിംഗ് നടത്തുന്നത് അതിനല്ല" ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് അദ്ദേഹം ഇത് ചെയ്യുന്നത്. രാമു 2015 ജനുവരി 1 -നാണ് ഈ പദ്ധതി ആരംഭിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ സ്ത്രീകളുമായി ഡേറ്റിംഗിന് പോയ കഥകൾ അദ്ദേഹം പങ്കിടുന്നു. അതിൽ 105 വയസ്സുള്ള ഒരു മുത്തശ്ശിയും, അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് ബ്ലോക്കിൽ ചവറു വാരുന്ന ഒരു സ്ത്രീയും, 90 കളിലെ ഒരു ഐറിഷ് കന്യാസ്ത്രീയും, ഒരു നടിയും, മോഡലുകളും, ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്നു.
സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് താൻ വന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ വളർന്ന് വന്നപ്പോൾ സ്ത്രീകളുടെ നേരെ ഉയർന്ന് വരുന്ന അനീതികളെ കുറിച്ച് അദ്ദേഹത്തിന് ബോധ്യം വരാൻ തുടങ്ങി. 2012 ഡിസംബറിലെ ഡൽഹി കൂട്ടബലാത്സംഗമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. അതിന് ശേഷം രാത്രികളോളം ഉറങ്ങാതിരുന്നത് അദ്ദേഹം ഇന്നും ഓർക്കുന്നു. അവിടെ നിന്നാണ് ഈ 365 ഡേറ്റ്‌സ് എന്ന ആശയം പിറക്കുന്നത്. സ്ത്രീകൾ വെറും ശരീരമല്ലെന്നും, അവർക്ക് ഒരു മനസ്സുണ്ടെന്നും അദ്ദേഹം ഇതിലൂടെ പറയാൻ ആഗ്രഹിക്കുന്നു.
2014 ഡിസംബർ 31 -ന് ഫേസ്ബുക്കിൽ ഇത് പറഞ്ഞ് രാമു ഒരു പോസ്റ്റിട്ടു. മിനിറ്റുകൾക്കുള്ളിൽ, ഒരു സുഹൃത്ത് ഉച്ചഭക്ഷണത്തിനായി അദ്ദേഹത്തെ ക്ഷണിച്ചു. അറിയപ്പെടുന്ന ആളുകളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഡേറ്റിംഗുകൾ. പത്താമത്തെ ഡേറ്റിംഗ് ആയപ്പോഴേക്കും, പ്രാദേശിക പത്രങ്ങൾ അദ്ദേഹത്തിന്റെ കഥ പ്രസിദ്ധീകരിച്ചു. പിന്നെ കുറേപേർ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. "ദി ഡേറ്റിംഗ് കിംഗ്", "365-ഡേറ്റ് മാൻ", "സീരിയൽ ഡേറ്റർ" എന്നിങ്ങനെ അദ്ദേഹത്തിന് പേരുകൾ നിരവധിയാണ്. ഡേറ്റിംഗിന് പോകുമ്പോൾ രാമുവിന് ഒരേ ഒരു നിർബന്ധമേയുള്ളൂ. ആഹാരം പെൺകുട്ടി പാകം ചെയ്യണം, ഇല്ലെങ്കിൽ ഭക്ഷണത്തിന്റെ പണം പെൺകുട്ടി നൽകണം. കേൾക്കുമ്പോൾ അല്പം കടുത്തു പോയെന്ന് തോന്നുമെങ്കിലും, അതിന് പിന്നിലും ഒരു കാരണമുണ്ട്. ഇങ്ങനെ അദ്ദേഹം ലാഭിക്കുന്ന പണം പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം നൽകാനായി ഉപയോഗിക്കുന്നു.
അദ്ദേഹത്തിന്റെ ഓരോ ഡേറ്റും പ്രത്യേകത നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് രണ്ട് വർഷം മുമ്പ് മരിച്ച 109 വയസ്സുള്ള തന്റെ മുത്തശ്ശിയോടൊപ്പമുള്ളതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മെഴ്‌സിഡസിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ച അവരെയും കൊണ്ട് അദ്ദേഹം വണ്ടിയിൽ അടുത്തുള്ള ക്ഷേത്രത്തിൽ പോയി സൂര്യാസ്തമയം കാണിച്ചു. അവരുടെ ഭർത്താവിന്റെ മരണശേഷം, അവർ അന്നാണ് വീടുവിട്ട് ഇറങ്ങുന്നത്. അവർ ഇരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നതും രാമു ഓർക്കുന്നു. ബാക്കിയുള്ളവർ, രൂപവും, താൽപ്പര്യങ്ങളും, ലൊക്കേഷനും അടിസ്ഥാനമാക്കി ഡേറ്റ്സ് തീരുമാനിക്കുമ്പോൾ, രാമു ഒരു സാമൂഹിക മാറ്റത്തിനായി ഇത് തിരഞ്ഞെടുക്കുന്നു.