30,000 വർഷം പഴക്കമുള്ള മാമോത്ത് ജഡം, വടക്കേ അമേരിക്കയിൽ ഇങ്ങനെ ഒരു കണ്ടെത്തൽ ആദ്യമെന്ന് ഗവേഷകർ
'ബിഗ് ബേബി ആനിമൽ' എന്ന് അർത്ഥം വരുന്ന 'നൻ ചോ ഗാ' എന്നാണ് ഈ മാമോത്ത് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത് ഒരു പെൺമാമോത്താണ് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
വടക്ക്-പടിഞ്ഞാറൻ കാനഡയിലെ പെർമാഫ്രോസ്റ്റിൽ തണുത്തുറഞ്ഞ നിലയിൽ ഒരു കുഞ്ഞ് മാമോത്തിനെ (mammoth) കണ്ടെത്തി. വടക്കേ അമേരിക്കയിൽ ഇങ്ങനെ ഒരു കണ്ടെത്തൽ ആദ്യമാണ്. ചൊവ്വാഴ്ച യുകോണിലെ ക്ലോണ്ടൈക്ക് മേഖലയിൽ സ്വർണ്ണ ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. ഈ മാമോത്തിന് 30,000 വർഷം പഴക്കമുണ്ട് എന്നാണ് കരുതുന്നത്.
2007 -ൽ സൈബീരിയയിലെ പെർമാഫ്രോസ്റ്റിൽ നിന്ന് ഒരു കുഞ്ഞ് മാമോത്തിനെ റഷ്യ കണ്ടെത്തിയതുമായി യൂക്കോൺ സർക്കാർ ഇതിനെ താരതമ്യം ചെയ്തു. ആദ്യമായി ഇങ്ങനെ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തുന്ന ഒരു മാമോത്ത് ജഡമായിരുന്നു അത്. 'വടക്കേ അമേരിക്കയിൽ കണ്ടെത്തിയ ഏറ്റവും പൂർണ്ണമായ മമ്മിഫൈഡ് മാമോത്ത്' ഇതാണെന്ന് യൂക്കോൺ സർക്കാർ നിലവിലെ കണ്ടെത്തലിനെ കുറിച്ച് പറയുന്നു. ലോകത്തിലാകെ എടുത്തു നോക്കിയാൽ അത്തരത്തിലുള്ള രണ്ടാമത്തെ കണ്ടെത്തലാണ് ഇത് എന്നും യൂക്കോൺ സർക്കാർ പറഞ്ഞു.
'ബിഗ് ബേബി ആനിമൽ' എന്ന് അർത്ഥം വരുന്ന 'നൻ ചോ ഗാ' എന്നാണ് ഈ മാമോത്ത് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത് ഒരു പെൺമാമോത്താണ് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2007 -ൽ സൈബീരിയയിൽ കണ്ടെത്തിയ മാമോത്തിന് ല്യൂബ എന്നാണ് പേരിട്ടിരിക്കുന്നത്. അതിന്റെ അതേ വലിപ്പം തന്നെയാണ് ഈ മാമോത്തിനും എന്നാണ് ഗവേഷകർ പറയുന്നത്. ല്യൂബയ്ക്ക് ഏകദേശം 42,000 വർഷമാണ് പഴക്കം.
ഇത്രയധികം മികച്ച രീതിയിൽ മമ്മിഫൈ ചെയ്തിരിക്കുന്ന മറ്റൊരു മാമോത്ത് ജഡം വടക്കേ അമേരിക്കയിൽ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ പറയുന്നു. നേരത്തെ 1948 -ൽ അയൽരാജ്യമായ അലാസ്കയിലെ ഒരു സ്വർണ്ണ ഖനിയിൽ നിന്ന് എഫി എന്ന് പേരുള്ള ഒരു മാമോത്ത് കുഞ്ഞിന്റെ ഭാഗിക അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.