Antiquities repatriated: 29 പുരാവസ്തുക്കൾ ഓസ്ട്രേലിയയില്‍നിന്നും ഇന്ത്യയിലേക്ക് തിരികെ...
ഓസ്‌ട്രേലിയയിൽ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കൾ പ്രധാനമന്ത്രി മോദി പരിശോധിച്ചു.
ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 29 പുരാവസ്തുക്കൾ(29 antiquities) ഇന്ത്യയിലേക്ക് തന്നെ തിരികെ നൽകി ഓസ്‌ട്രേലിയ(Australia). ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുരാവസ്തുക്കളാണ് രാജ്യത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. ശിവൻ, മഹാവിഷ്ണു, അവതാരങ്ങൾ, ജൈന പാരമ്പര്യം വ്യക്തമാക്കുന്ന പുരാവസ്തുക്കൾ, ഛായാചിത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം അതിൽ പെടുന്നു.
ഈ പുരാവസ്തുക്കൾ 9-10 നൂറ്റാണ്ടുകൾ വരെയുള്ള വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ളതാണ്. മണൽക്കല്ല്, മാർബിൾ, വെങ്കലം, താമ്രം, കടലാസ് എന്നിങ്ങനെ വിവിധ വസ്തുക്കളിൽ നിർമ്മിച്ചിരിക്കുന്ന ശിൽപങ്ങളും ചിത്രങ്ങളുമാണ് ഇവ. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പുരാതന വസ്തുക്കളാണ് ഇവ. ഓസ്‌ട്രേലിയയിൽ നിന്ന് തിരികെയെത്തിയ ഈ പുരാവസ്തുക്കൾ പ്രധാനമന്ത്രി മോദി പരിശോധിച്ചു.
നേരത്തെയും ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുമുള്ള പുരാവസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്. 2016 -ൽ കാൻബെറയിൽ നടന്ന ഒരു ചടങ്ങിൽ ഓസ്‌ട്രേലിയയിലെ നാഷണൽ ഗാലറി അതിന്റെ ഏഷ്യൻ ആർട്ട് ശേഖരത്തിൽ നിന്നുള്ള പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് തിരികെ നൽകിയിരുന്നു. പ്രത്യാംഗിര ദേവിയുടെ 900 വർഷം പഴക്കമുള്ള ശിലാ പ്രതിമ അടക്കം ഉൾപ്പെടുന്നതായിരുന്നു പുരാവസ്തുക്കൾ. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് അന്ന് തിരികെ നൽകിയത്.
പിന്നീട് 2021 -ൽ നാഷണൽ ആർട്ട് ഗാലറി ഇന്ത്യയിൽ നിന്നും എത്തിയ പുരാവസ്തുക്കൾ തിരികെ ഇന്ത്യയ്ക്ക് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിലേറിയ പങ്കും സുഭാഷ് കപൂർ എന്നയാൾ വഴി ഓസ്ട്രേലിയയിൽ എത്തിയതായിരുന്നു. ഇയാൾ പിന്നീട് തടവിലായി. പുരാവസ്തുക്കൾ പലതും ക്ഷേത്രങ്ങളിൽ നിന്നടക്കം മോഷ്ടിക്കപ്പെട്ടവയാണ് എന്നാണ് കരുതുന്നത്.
ഏതായാലും, ഇപ്പോൾ 29 പുരാവസ്തുക്കളാണ് ഇന്ത്യയിലേക്ക് ഓസ്ട്രേലിയ തിരികെ എത്തിച്ചിരിക്കുന്നത്.