ഏകദേശം 2000 വർഷം പഴക്കം, ലിംഗത്തിന്റെ ആകൃതി, ലോക്കറ്റ് കണ്ടെത്തി
സൈനികരും യുദ്ധഭൂമികളിൽ ധൈര്യത്തിന്റെ പ്രതീകമായി ഇത്തരം ലോക്കറ്റുകൾ ധരിക്കാറുണ്ടായിരുന്നു. കുട്ടികളെയും മോശം കണ്ണ് തട്ടാതിരിക്കാനായി ഇത്തരം ലോക്കറ്റുകൾ ധരിപ്പിക്കാറുണ്ടായിരുന്നു എന്ന് പറയുന്നു.
യുകെ -യിൽ നിന്നുമുള്ള ഒരു മെറ്റൽ ഡിറ്റക്ടറിസ്റ്റ് ഒരു അപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കയാണ്. റോമൻ കാലഘട്ടത്തിലെ ലിംഗാകൃതിയിലുള്ള ഒരു വെള്ളി ലോക്കറ്റാണ് അവർ കണ്ടെത്തിയിരിക്കുന്നത്. അതായത് ഏകദേശം 2000 വർഷം പഴക്കമുള്ള ലിംഗാകൃതിയിലുള്ള ലോക്കറ്റ്.
2020 -ലെ പുതുവത്സരാഘോഷത്തിനിടയിൽ ഗ്രേവ്‌സെൻഡ് ആൻഡ് സ്‌ട്രോഡിന് സമീപമുള്ള ഹിയാമിലെ ഒരു ഫാമിൽ നിന്നാണ് ഈ ലോക്കറ്റ് കിട്ടിയത്. റിട്ടയേർഡ് എസ്റ്റേറ്റ് ഏജന്റായ തോംസൺ എന്ന സ്ത്രീയാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏകദേശം എട്ട് ഇഞ്ച് താഴെ ആയിട്ടാണ് വയലിൽ ലോക്കറ്റ് കണ്ടെത്തിയിരിക്കുന്നത്.
മെയ് 26 -ന് മൈഡ്‌സ്റ്റോണിലെ കൗണ്ടി ഹാളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, 1.2 ഇഞ്ച് നീളമുള്ള പ്രസ്തുത ലോക്കറ്റ് വെള്ളി കൊണ്ട് നിർമ്മിച്ചതാണ് എന്നും 43 എഡി, 410 എഡി കാലഘട്ടത്തിലുള്ളതാണ് എന്നും മനസിലായതോടെ ഇതിനെ നിധി എന്ന ഗണത്തിൽ പെടുത്തി.
ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, ലോക്കറ്റിന്റെ കൃത്യമായ കാലം പറയാൻ അവർക്ക് കഴിഞ്ഞില്ലെങ്കിലും ലോക്കറ്റിന്റെ ഫാലിക് (ലിംഗോപാസന) സ്വഭാവത്തെ അടിസ്ഥാനമാക്കി, അത് റോമൻ കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് കരുതുന്നു.
റോമൻ ബ്രിട്ടനിൽ നിന്നും ഇതുപോലെ 451 വസ്തുക്കൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വെള്ളിയിൽ തയ്യാറാക്കിയത് ഒരെണ്ണം മാത്രമാണ് ഇത് കൂടാതെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. റോമൻ കാലഘട്ടത്തിലെ കല സ്വതവേ ഇത്തരം ഫാലിക് സ്വഭാവമുള്ള വർക്കുകൾ കൊണ്ട് അറിയപ്പെടാറുണ്ട്. ഈ പുരുഷ ലിംഗങ്ങൾ പൗരുഷത്തെയും ധീരതയെയും സൂചിപ്പിക്കുന്നു എന്നാണ് ആ കാലഘട്ടത്തിൽ വിശ്വസിച്ച് പോന്നത്. അതിനാലാവാം കലയിൽ അതിനെ കാണിച്ചിരിക്കുന്നത്.
മാത്രവുമല്ല, സൈനികരും യുദ്ധഭൂമികളിൽ ധൈര്യത്തിന്റെ പ്രതീകമായി ഇത്തരം ലോക്കറ്റുകൾ ധരിക്കാറുണ്ടായിരുന്നു. കുട്ടികളെയും മോശം കണ്ണ് തട്ടാതിരിക്കാനായി ഇത്തരം ലോക്കറ്റുകൾ ധരിപ്പിക്കാറുണ്ടായിരുന്നു എന്ന് പറയുന്നു.
സാധാരണയായി മെറ്റൽ ഡിറ്റക്ടറിസ്റ്റുകൾ ഇത്തരം എന്തെങ്കിലും കണ്ടെത്തൽ നടത്തിയാൽ 14 ദിവസത്തിനകം ബന്ധപ്പെട്ടവരെ അറിയിക്കണം. തോംസൺ ഇപ്പോഴും അതിന്റെ വില എത്രയാവും എന്നറിയാൻ കാത്തിരിക്കുകയാണ്. വില അറിഞ്ഞ് കഴിഞ്ഞാൽ പകുതി പണം അത് കണ്ടെത്തിയ ആൾക്കും പകുതി പറമ്പിന്റെ ഉടമയ്ക്കും ആണ് ലഭിക്കുക.
പണത്തേക്കാളുപരിയായി ചരിത്രത്തിന്റെ ഭാഗമായ എന്തെങ്കിലും കണ്ടെത്തുക അതിന്റെ വില അറിയുക എന്നതൊക്കെയാണ് തന്നെ സന്തോഷിപ്പിക്കുന്നത് എന്ന് തോംസൺ പറയുന്നു.