125 ദിവസത്തിനുള്ളിൽ വെറും 18,500 രൂപ ഉപയോഗിച്ച് ഒരു മൺവീട്
ഈ മൺവീട് പൂർണ്ണമായും മഹേഷാണ് നിർമ്മിച്ചത്. ഇതുപോലെയുള്ള വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നിരവധിപ്പേരാണ് മഹേഷിന്റെ വീട് സന്ദർശിക്കുന്നത്.
കോടികളുടെ ആഡംബര വീടുകൾ പണിയുന്നതൊന്നും ഇന്നൊരു പുതുമയല്ല. എന്നാൽ, അതിനിടയിൽ അത്യാവശ്യത്തിന് മാത്രമുള്ള ചെറിയ വീടുകൾ സ്വയം പണിയുന്നവരും ഉണ്ട്. ബംഗളൂരുവിലുള്ള മഹേഷ് കൃഷ്ണൻ അങ്ങനെ ഒരാളാണ്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 125 ദിവസത്തിനുള്ളിൽ വെറും 18,500 രൂപ ഉപയോഗിച്ച് ഒരു മൺ വീട് മഹേഷ് നിർമ്മിച്ചു.
19 വർഷക്കാലം ഭീമൻ കമ്പനികൾക്കൊപ്പം ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്ത മഹേഷ് പക്ഷേ തെരഞ്ഞെടുത്തത് ഭൂമിയെ അധികം നോവിക്കാത്ത ഒരു കുഞ്ഞു മൺവീടാണ്. ജോലി ഉപേക്ഷിച്ചതിന് ശേഷം, കൃഷ്ണൻ നാച്ചുറൽ ഫാമിംഗ്, നാച്ചുറൽ ബിൽഡിംഗ് തുടങ്ങിയ അടിസ്ഥാന ജീവിതപാഠങ്ങൾ പഠിക്കാൻ തുടങ്ങി. അതിനായി, വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും നിരവധി യൂട്യൂബ് വീഡിയോകൾ കാണുകയും ചെയ്തു.
കല്ലും മണ്ണും പനയോലകളുമൊക്കെ ഉപയോഗിച്ച് എങ്ങനെ ഒരു വീട് പണിയാമെന്ന് അദ്ദേഹം പഠിച്ചെടുത്തു. ബെംഗളൂരുവിലെ ചാമരാജനഗറിൽ സ്ഥിതി ചെയ്യുന്ന 300 ചതുരശ്ര അടി വിസ്തീർണമുള്ള ഈ മൺവീട് പൂർണ്ണമായും മഹേഷാണ് നിർമ്മിച്ചത്. ഇതുപോലെയുള്ള വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നിരവധിപ്പേരാണ് മഹേഷിന്റെ വീട് സന്ദർശിക്കുന്നത്.
ഇപ്പോൾ നിരവധി ആളുകൾ ഇതുപോലെ ചെറിയ പണം മാത്രം മുടക്കി വീട് പണിയുന്നവരുണ്ട്. അതുപോലെ തന്നെ ഏസിയോ ഫാനോ വേണ്ടാത്ത വിധത്തിലുള്ള പ്രകൃതിയോടിണങ്ങിയ വീട് പണിയുന്നവരും ഉണ്ട്. ബംഗളൂരുവിൽ തന്നെയുള്ള വാണി കണ്ണന്റെയും ഭർത്താവ് ബാലാജിയുടെയും വീട് അങ്ങനെ ഒന്നാണ്. സ്വന്തമായി വീടുണ്ടെങ്കിലും, ഇതുവരെ കറന്റ് ബില്ലോ, വാട്ടർ ബില്ലോ അടക്കേണ്ടി വന്നിട്ടില്ല. എന്തിന് എസി പോലും അവർ വാങ്ങിയിട്ടില്ല.
സിമന്റ്, മണ്ണ്, ചെളി, ചുണ്ണാമ്പുകല്ല്, വെള്ളം എന്നിവയൊക്കെ ചേർത്താണ് ഈ വീടിനുള്ള ഇഷ്ടികകൾ നിർമ്മിച്ചിരിക്കുന്നത്. മൺകട്ടകൾ ഉപയോഗിച്ചാണ് മേൽക്കൂര നിർമ്മിച്ചത്. സ്ക്രാപ്പ് കീബോർഡുകൾ, തെങ്ങിൻ ചിരട്ടകൾ മുതലായവ ഉപയോഗിച്ചു കൊണ്ടുള്ളതാണ് അടിത്തറ. അതിന് മുകളിൽ ചെളി നിറച്ചു. അങ്ങനെ ഇരുമ്പിന്റെയും, കോൺക്രീറ്റിന്റെയും ഉപയോഗം കുറച്ചു. പിന്നീട് മേത്തി, കറിവേപ്പില, മല്ലിയില മുതലായവ അടങ്ങിയ ഒരു വലിയ തോട്ടമുണ്ടാക്കി. ഇത് കൂടാതെ രണ്ട് ഏക്കർ ഭൂമിയിൽ അവർക്ക് ജൈവപച്ചക്കറി കൃഷിയുമുണ്ട്. വീട്ടിലേയ്ക്ക് വേണ്ട പച്ചക്കറികൾ അവിടെയാണ് കൃഷി ചെയ്യുന്നത്.