1000 വർഷം പഴക്കമുള്ള സ്വർണ മാസ്ക്, അതിൽ മനുഷ്യന്റെ രക്തം!
മനുഷ്യരക്തം ഉൾപ്പെടെയുള്ള ഈ മിശ്രിതത്തിന് സിക്കാൻ ജനതയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകർ പറയുന്നു.
പെറു(peru)വിൽ 1000 വർഷം പഴക്കമുള്ള, ശവസംസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന സ്വർണ മാസ്ക്(gold mask) കണ്ടെടുത്തു. എന്നാൽ, ഇതിനൊരു പ്രത്യേകത ഉണ്ട്. ഈ മാസ്കിൽ മനുഷ്യരക്തം(human blood) പൂശിയിട്ടുണ്ട്. 1990 -കളിൽ, പുരാവസ്തു ഗവേഷകർ പെറുവിൽ പുരാതനവും നിഗൂഢവുമായ ഒരു ശവസംസ്കാര ചടങ്ങിൻറെ ബാക്കി കണ്ടെത്തിയിരുന്നു. അതിൽ മധ്യഭാഗത്ത് ഒരു മനുഷ്യൻ ഇരിക്കുന്ന പോലെയായിരുന്നു, തലകീഴായി കിടക്കുന്ന അസ്ഥികൂടവും അയാളുടെ വേർപെടുത്തിയ തലയോട്ടിയും അത് അലങ്കരിക്കുന്ന ചുവന്ന ചായം പൂശിയ സ്വർണ്ണ മാസ്കും അതിലുണ്ടായിരുന്നു. ശാസ്ത്രജ്ഞർ തുടക്കത്തിൽ ചുവന്ന നിറത്തിന് സിന്നബാറാണ് കാരണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഒരു പുതിയ വിശകലനം മറ്റൊരു പ്രധാന ഘടകം വെളിപ്പെടുത്തി. അത് അതിൽ മനുഷ്യ രക്തം ഉപയോഗിച്ചിരിക്കുന്നു എന്നതാണ്.
പെറുവിൽ ഒമ്പതാം നൂറ്റാണ്ടിനും 14 -ാം നൂറ്റാണ്ടിനും ഇടയിൽ നിലനിന്നിരുന്ന ഇൻകകൾക്ക് മുമ്പുള്ള സിക്കാൻ സമൂഹത്തിലെ ഒരു ഉന്നത അംഗമായിരുന്ന 40 -നും 50 -നും ഇടയിൽ പ്രായമുള്ള ഒരാളുടേതായിരുന്നു അസ്ഥികൂടം. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും സതേൺ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്‌ത്രജ്ഞർ, സിക്കൻ ജനതയുടെ സ്വർണ്ണ മാസ്‌കിലെ ചുവന്ന നിറം എന്താണ് എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേണൽ ഓഫ് പ്രോട്ടിയോം റിസർച്ചിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ശാസ്ത്രജ്ഞർ പെയിന്റിന്റെ ഒരു ചെറിയ സാമ്പിൾ എടുത്ത് പ്രാഥമിക വിശകലനത്തിൽ പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തി. ആ പ്രോട്ടീനുകൾ എന്താണെന്ന് കണ്ടെത്തുന്നതിനായി കുഴിച്ചെടുത്ത ശേഷം, അവ മനുഷ്യരക്തത്തിൽ നിന്നുള്ള പ്രോട്ടീനുകളാണെന്നും ഏതാണ് എന്ന് തിരിച്ചറിയാനാവാത്ത പക്ഷിയിൽ നിന്നുള്ള മുട്ടയുടെ വെള്ളയാണെന്നും സംഘം കണ്ടെത്തി.
മനുഷ്യരക്തം ഉൾപ്പെടെയുള്ള ഈ മിശ്രിതത്തിന് സിക്കാൻ ജനതയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകർ പറയുന്നു. വാസ്തവത്തിൽ, അത് ആ സമൂഹത്തിലെ സമ്പന്നരായ വരേണ്യവർഗത്തിന്റെ ഭാഗമാകാം, തങ്ങളെ അടിസ്ഥാനപരമായി സ്വർഗ്ഗീയ ദേവന്മാരായി ചിത്രീകരിക്കാൻ എന്നും പറയുന്നു.
രക്തം ഒരാളുടെ ജീവശക്തിയെ പ്രതിനിധീകരിക്കുന്നുവെന്ന് പുരാതന സംസ്കാരം കരുതിയിരുന്നതായി സഹ-രചയിതാവും സിക്കാൻ ആർക്കിയോളജി പ്രോജക്ടിന്റെ ഡയറക്ടറുമായ ഇസുമി ഷിമാഡ വിശ്വസിക്കുന്നുവെന്ന് പഠനത്തിൻറെ സഹ-എഴുത്തുകാരി ലൂസിയാന ഡ കോസ്റ്റ കാർവാലോ ഒരു ഇമെയിലിൽ വിശദീകരിച്ചു.