ഇഎംഐ മുടങ്ങിയതിന് ബാങ്ക് സർവ്വീസ് ചാർജ് പിടിച്ചു; എടിഎമ്മിൽ പടക്കമെറിഞ്ഞ് യുവാവ്, അറസ്റ്റ്
എംഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവ്വീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായാണ് രജീഷ് തൃശൂരിലെ എടിഎമ്മിനുള്ളിലേക്ക് പടക്കമെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
തൃശൂർ: നഗരത്തിലെ എടിഎമ്മിൽ പടക്കമെറിഞ്ഞ സംഭവത്തി പ്രതി പിടിയിൽ. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശ് ആണ് തൃശൂർ ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ഇഎംഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവ്വീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായാണ് രജീഷ് തൃശൂരിലെ എടിഎമ്മിനുള്ളിലേക്ക് പടക്കമെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി നോക്കി വരികയാണ്. ഇതിനിടയിലാണ് ഇഎംഐ മുടങ്ങിയതിനെ തുടർന്ന് സർവ്വീസ് ചാർജ് പിടിച്ചതായി മൊബൈലിൽ മെസേജ് ലഭിച്ചത്. സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ ശാഖയിലെത്തി ജീവനക്കാരുമായി തർക്കിച്ചിരുന്നു. ഇവിടെ നിന്ന് ജനറൽ ആശുപത്രി പരിസരത്തെ പടക്കക്കടയിൽ നിന്നു പടക്കംവാങ്ങി തിരിച്ചെത്തി എടിഎമ്മിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നുമാണ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ബാങ്കിലെയും എടിഎമ്മിലെയും സിസിടിവി ദൃശ്യങ്ങൾ ഒത്തുനോക്കിയപ്പോഴാണു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവത്തിന് ശേഷം മൊബൈൽ ഫോണ്‍ ഓണാക്കിയതിന് പിന്നാലെയാണ് പ്രതി ഈസ്റ്റ് പൊലീസിന്‍റെ പിടിയിലാകുന്നത്.