20 രൂപ പ്രവേശന ടിക്കറ്റിന്റെ പേരിൽ ബൌൺസറുടെ മർദ്ദനം, യുവാവിന് കാഴ്ച നഷ്ടമായതായി പരാതി
മേളയിൽ യുവാവ് ഒരു സ്റ്റാൾ ഇട്ടിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയ ശേഷം തിരികെ പ്രദർശന നഗരിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് യുവാവിനെ ബൌൺസർ തടഞ്ഞത്.
ജയ്പൂർ: 20 രൂപയുടെ പ്രവേശന ടിക്കറ്റിന്റെ പേരിൽ ബൌൺസർ മർദ്ദിച്ച യുവാവിന് കാഴ്ച നഷ്ടമായതായി പരാതി. രാജസ്ഥാനിൽ ശനിയാഴ്ചയാണ് സംഭവം. ജയ്പൂരിലെ ശ്രീ ഗംഗാനഗറിൽ നടക്കുന്ന പ്രദർശനത്തിനിടെയാണ് സംഭവം. ഗുൽഷാൻ വാഡ്വ എന്ന യുവാവിനാണ് മർദ്ദനത്തിൽ പരിക്കേറ്റ് കണ്ണിന് കാഴ്ച നഷ്ടമായത്. മേളയിൽ യുവാവ് ഒരു സ്റ്റാൾ ഇട്ടിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയ ശേഷം തിരികെ പ്രദർശന നഗരിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് യുവാവിനെ ബൌൺസർ തടഞ്ഞത്.
മേള കാണാൻ പ്രവേശന ടിക്കറ്റ് വേണമെന്ന് വിശദമാക്കിയായിരുന്നു ബൌൺസറുടെ നടപടി. എന്നാൽ മേള കാണാനെത്തിയതല്ലെന്നും തന്റെ സ്റ്റാള് മേളയിലുണ്ടെന്നും യുവാവ് പറഞ്ഞത് കേൾക്കാനും ഇയാൾ തയ്യാറായില്ല. യുവാവ് ബൌൺസറെ മറികടന്ന് പ്രദർശനം നടക്കുന്ന ഇടത്തേക്ക് കയറാൻ ഒരുങ്ങിയതോടെ ബൌൺസർ ഇയാളെ ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് ദണ്ഡു കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ താടിക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. മൂന്ന് ദിവസത്തോളമായി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ താടിയെല്ലിനും സാരമായ തകരാറുണ്ടെന്നാണ് ഹോസിപിറ്റൽ അധികൃതർ പൊലീസിനോട് വിശദമാക്കിയത്. സംഭവത്തിൽ ബൌൺസറെ പൊലീസ് യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മറ്റ് ആളുകളും യുവാവിനെ ആക്രമിക്കാൻ കൂട്ട് നിന്നതായാണ് വിവരം. മറ്റ് പ്രതികളേയും അറസ്റ്റ് ചെയ്യുമെന്ന് വിശദമാക്കിയ പൊലീസ് അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം