ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല, മന്ത്രവാദമടക്കം പരീക്ഷിച്ചു; യുവതി വീടിന് തീയിട്ട സംഭവം ഇങ്ങനെ
രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധമറിഞ്ഞ് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹ ബന്ധം അവസാനിപ്പിച്ചു. എന്നാൽ ഭാര്യ വിട്ടുപോയിട്ടും രാജ്കുമാർ സുനിതയെ സ്വീകരിച്ചില്ല.
പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വൻ ട്വിസ്റ്റ്. ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവിന്‍റെ കാമുകിയും സുഹൃത്തും ചേർന്നാണ് പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ രാജ്കുമാറിന്‍റെ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജ്കുമാറിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് വീടിന് തീയിട്ടതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി. തീപിടിച്ച് മുറ്റത്തുണ്ടായിരുന്ന ബൈക്ക് കത്തി നശിച്ചിട്ടുണ്ട്. രാജ്കുമാറിനെ അപായപ്പെടുത്താൻ മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിടാൻ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. റാന്നിയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സുനിത. ഇവരെ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയ പ്രതികൾ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയൽക്കാരാണ് ഓടിയെത്തി തീയണച്ചത്. രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധമറിഞ്ഞ് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹ ബന്ധം അവസാനിപ്പിച്ചു. എന്നാൽ ഭാര്യ വിട്ടുപോയിട്ടും രാജ്കുമാർ സുനിതയെ സ്വീകരിച്ചില്ല. ഇതിന്‍റെ വിരോധത്തിലാണ് സുനിത വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ഇയാളുടെ കാറും സുനിത കത്തിച്ചിരുന്നു. എന്നാൽ രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ഒരുമാസം മുമ്പാണ് രാജ്കുമാറിന്‍റെ കാർ കത്തി നശിച്ചത്. ഇതിന് പിന്നിലും സുനിത ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട് കത്തിച്ച സംഭവത്തിലും രാജ്കുമാർ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പെരുനാട് പൊലീസ് പ്രതികളെ പിടികൂടിയത്.
Read More : ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം, സ്ക്വാഡ് പൊക്കി; 13.5 കിലോ കഞ്ചാവുമായി പിടിയിൽ