ഹണി ട്രാപ്പ്, തട്ടിപ്പ്, കവർച്ച; ഒടുവിൽ സിനി 'പൂമ്പാറ്റ'യായി, ആ പേരിട്ട പൊലീസുകാർ ഇവരാണ്, സംഭവം ഇങ്ങനെ

താമസിച്ചിടത്തെല്ലാം സ്വന്തം ഗൂണ്ടാ സംഘങ്ങളെ ഉണ്ടാക്കി, തേന്‍ കുടിച്ച് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന സിനിക്ക് നല്‍കേണ്ട പേരിനെ സംബന്ധിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല അന്നത്തെ റൈറ്ററായ ജീവനും സുവൃതകുമാറിനും. അങ്ങനെയാണ് സിനി പൂമ്പാറ്റ സിനിയായി മാറിയത്. 

who is notorious criminal poombatta sini detailed history and case details vkv

തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ കേസ് ചുമത്തി പൊലീസ് ജയിലിലാക്കിയത്. സിനി ഇനി ആറുമാസം ജയിലിനുള്ളിൽ കഴിയണം. നിരവധി കേസുകളിൽ പ്രതിയായ സിനിക്ക് ആരാണ് 'പൂമ്പാറ്റ സിനി'യെന്ന് പേരിട്ടത് എന്ന് ആലോചിക്കുന്നവരുണ്ട്.  തൃശൂര്‍ സിറ്റി ഷാഡോ സ്ക്വാഡിലുള്ള എസ്ഐ സുവൃത കുമാര്‍,  സിപിഒ ജീവന്‍ എന്നിവരാണ് സിനിക്ക് പൂമ്പാറ്റ സിനി എന്ന്  പേരിട്ടത്.
 
ആ പേരിന് പിന്നിലെ കഥ ഇങ്ങനെയാണ്. തട്ടിപ്പും വെട്ടിപ്പുമായി സിനി പയറ്റിത്തെളിയുന്ന കാലം. 2012 ല്‍ കാസര്‍ ഗോഡുനിന്നുള്ള ഒരു ട്രയിന്‍ യാത്ര. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഫോണില്‍ തനിക്കു തരാനുള്ള രണ്ട് ലക്ഷം നല്‍കണമെന്ന് പറയുന്നു. ഇത് കണ്ട അടുത്തിരുന്ന സ്ത്രീ പതിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സമീപിക്കുന്നു. ആരാണ് പണം നല്‍കാനുള്ളതെന്ന് ചോദിക്കുന്നു. അവര്‍ വിവരം പറയുന്നു. കിട്ടാനുള്ളത് രണ്ട് ലക്ഷം. പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു. സിനി സര്‍ക്കാര്‍ ഉദ്യോഗസ്ഥയോട് പറഞ്ഞത് താന്‍ ചില്ലറ പുള്ളിയല്ല. മന്ത്രിമാരുമായും പൊലീസ് ഉദ്യോഗസ്ഥന്‍മാരുമായും ബന്ധമുണ്ട്. വേഗത്തില്‍ പരിഹരിച്ചു തരാം. പക്ഷെ കാശു ചെലവുണ്ട്. പൊലീസുകാര്‍ കാശു ചോദിക്കും. പറഞ്ഞു പറഞ്ഞ് ട്രയിന്‍ യാത്രക്കിടെ സിനി ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണം ഊരി വാങ്ങി.

കൂടാതെ ഇത് പോരാ എന്നു പറഞ്ഞ് രായ്ക്കു രാമാനം 11 പവന്‍ കൂടി സ്വന്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നിയതിന് പിന്നാലെ തൃശൂര്‍ പൊലീസില്‍ പരാതി നല്‍കി. ഷാഡോ പൊലീസ് രംഗത്തിറങ്ങി. ആലുവയിലാണ് സിനിയുടെ വാടക വീടെന്ന് കണ്ടെത്തി. സിനിക്കായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയ സിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിലെത്തിച്ച ഷാഡോ സംഘം ആരാണ് സിനിയെന്ന് അന്വേഷിച്ചു. ഞെട്ടിക്കുന്നതായിരുന്നു സിനിയുടെ അതുവരെയുള്ള തട്ടിപ്പ് കഥകള്‍.

2008ല്‍ അരൂരില്‍ ഒരു റിസോര്‍ട്ട് മുതലാളിയെ കൈയ്യിലെടുത്ത് ഹോട്ടല്‍ റൂമിലെത്തിച്ചു. ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി പല തവണയായി പതിനെട്ട് ലക്ഷം തട്ടി. പത്തു ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ അയാള്‍ ആത്മഹത്യ ചെയ്തു. അവിടെ തുടങ്ങിയ തട്ടിപ്പ് സിനി സമീപ ജില്ലകളിലേക്കും വ്യാപിച്ചിച്ചു. താമസിച്ചിടത്തെല്ലാം സ്വന്തം ഗൂണ്ടാ സംഘങ്ങളെ ഉണ്ടാക്കി, തേന്‍ കുടിച്ച് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന സിനിക്ക് നല്‍കേണ്ട പേരിനെ സംബന്ധിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല അന്നത്തെ റൈറ്ററായ ജീവനും സുവൃതകുമാറിനും. അങ്ങനെയാണ് സിനി പൂമ്പാറ്റ സിനിയായി മാറിയത്. 

കേസ് ഡയറിയിലിട്ട  ആ  പേര് ഇത്ര ഹിറ്റാവുമെന്ന് ഇരുവരും കരുതിയിരുന്നില്ല . പൂമ്പാറ്റ സിനി പിന്നെയും ഒരുപാട് ഇടങ്ങളില്‍ തേന്‍ നുകരാനെത്തി തട്ടിപ്പ് നടത്തി. അതിനിടെ പേരും മാറ്റി തട്ടിപ്പു നടത്തിയിട്ടുണ്ട് സിനി. 2017 ല്‍ തൃശൂരിലെ ഒരു സ്വകാര്യ ജ്വല്ലിറിക്കാരനെ വശീകരിച്ച് 22 പവനാണ് തട്ടിയത്. ശ്രീജ എന്നായിരുന്നു സിനി തന്നെ പരിചയപ്പെടുത്തിയിരുന്നത്. വിവരമറിഞ്ഞ്  സംശയം തോന്നിയ പൊലീസ്  ഉദ്യോഗസ്ഥനായ സുവൃത കുമാര്‍ ഫോണില്‍ ഫോട്ടോ കാണിച്ചപ്പോള്‍ ബോധം കെട്ട് വീഴുകയായിരുന്നു സ്വര്‍ണം നഷ്ടപ്പെട്ട ജ്വല്ലറി മുതലാളി. അത് സിനിയായിരുന്നു. നൂറിലേറെ തട്ടിപ്പുകളാണ് സിനി ഇതുവരെ നടത്തിയത്. 

മകളുടെ ആർഭാട വിവാഹം

2017ൽ വൻ ആർഭാടത്തോടെ നിരവധി പേരെ ക്ഷണിച്ചാണ് ഇവരുടെ മകളുടെ വിവാഹം നടത്തിയത്. വിവാഹത്തിൽ പങ്കെടുത്തവർക്ക് ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 

നിരവധി കേസുകൾ

ആലപ്പുഴ ജില്ലയിൽ അരൂർ, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളിലും, എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൌൺ സൌത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, തൃശൂർ പുതുക്കാട്, കൊടകര, മാള, ടൌൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2008 ൽ ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിൽ ഒരു വ്യാപാരിയുടെ അസ്വാഭാവിക മരണവുമായി രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിൽ സിനി അയാളുമായി സൌഹൃദത്തിലായി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപയിലധികം പണം തട്ടിയെടുക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വ്യാപാരി ജീവനൊടുക്കിയത്. 

2014 ൽ എറണാകുളം കണ്ണമാലിയിൽ സ്വർണനിർമ്മിതമായ നടരാജ വിഗ്രഹം വിൽക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസും, മറ്റൊരാളിൽ നിന്നും 6.5 ലക്ഷം രൂപയും തട്ടിയെടുത്തതിന് കേസുണ്ട്. 2014ൽ എറണാകുളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് കോൺസ്റ്റബിളാണെന്നു പറഞ്ഞ് തൊട്ടടുത്തുള്ള ജ്വല്ലറിയിൽ നിന്നും 45.75 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയും, ബാങ്കിൽ നിന്നും പണം എടുത്ത് വരാം എന്നു പറഞ്ഞ് അവിടെ നിന്നും മുങ്ങി പണം നൽകാതെ ചതി ചെയ്തതിന് കേസുണ്ട്. എറണാകുളം ഫോർട്ട് കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കൊച്ചിയിലെ വ്യാപാരിയിൽ നിന്നും 22 ലക്ഷം തട്ടിയെടുത്തതിന് കേസുണ്ട്. 

Read More :  കവർച്ച, തട്ടിപ്പ്, 35 കേസുകളിൽ പ്രതി; കുപ്രസിദ്ധ കുറ്റവാളി 'പൂമ്പാറ്റ സിനി'യെ കാപ്പ ചുമത്തി ജയിലിലാക്കി

തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട കേസുകൾ 

തൃശൂർ ജില്ലയിൽ മാത്രം 8 വിവിധ പൊലീസ് സ്റ്റേഷനുകളിലായി 32 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ൽ പുതുക്കാട് കിണറിൽ നിന്നും സ്വർണവിഗ്രഹം കണ്ടെത്തിയത് വിൽപ്പന നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപയിലധികം തട്ടിയെടുത്തു.  2017 ൽ പുതുക്കാട് സ്വദേശിയെ സ്വർണ ബിസിനസിൽ പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രവാസിയുടെ കൈയിൽ നിന്നും 74 ലക്ഷവും.  2017 ൽ തന്നെ പുതുക്കാട് സ്വദേശിയിൽ നിന്നും 72 ലക്ഷവും, ബിസിനസ്സിൽ പാർട്ട്ണർ ആക്കാമെന്നു പറഞ്ഞ്  മറ്റു മൂന്നു പേരിൽ നിന്നും 15 ലക്ഷവും തട്ടിയെടുത്തു. 2017ൽ പുതുക്കാട് സ്വദേശിയെ പൈനാപ്പിൾ കൃഷിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തു. 

2017ൽ പുതുക്കാട് സ്വദേശിയിൽ നിന്നും വ്യാജ ഇടപാടിലൂടെ 12.5 ലക്ഷം രൂപ തട്ടിയെടുത്തു. 2017ൽ ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജ്വല്ലറി ഉടമയിൽ നിന്നും 27 ലക്ഷം രൂപയും 70 ഗ്രാം സ്വർണവും തട്ടിയെടുത്തു. 2018ൽ ഒല്ലൂരിലെ നിധി കമ്പനി മാനേജരിൽ നിന്നും 5.30 ലക്ഷ രൂപ തട്ടിയെടുത്തതിന് കേസുണ്ട്. 2019ൽ കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് 3 ലക്ഷം രൂപ അപഹരിച്ചു.  2020ൽ ഒല്ലൂർ മഡോണ നഗറിൽ സ്ത്രീയെ കരിങ്കല്ലുകൊണ്ട് തലക്കടിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 ൽ തൃശൂരിൽ തുടങ്ങുന്ന സിങ്കപ്പൂർ ഡയമണ്ട് നക്ലസ് ജ്വല്ലറിയിൽ പാർട്ട്നർ ആക്കാമെന്നു പറഞ്ഞ് പരാതിക്കാരിയിൽ നിന്നും 20 പവൻ സ്വർണ്ണവും ആറുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ കൈപറ്റിയതുമായ കാര്യത്തിന് തൃശൂർ ടൌൺ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്

2023 ൽ ഒല്ലൂരിൽ വച്ച് ആവലാതിക്കാരനുമായി വാഹനകച്ചവടം ഉറപ്പിച്ചശേഷം കാർ മൂന്നാമതൊരാൾക്ക് മറിച്ചുവിറ്റ് വാഹനവും ആറുലക്ഷത്തി അൻപതിനായിരം രൂപയോളമുള്ള തുക തിരികെ നൽകാത്തതിന് ഒല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിലുമായി മുക്കുപണ്ടം പണയം വെച്ച് 31 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതിന് ടൌൺ ഈസ്റ്റ്, നെടുപുഴ, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ രജിസ്റ്റർചെയ്തു.  തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റേയും മൂല്യം കണക്കാക്കുമ്പോൾ കോടിക്കണക്കിനു രൂപ വരും. കേരളത്തിൽ തന്നെ ഇത്തരം പ്രൊഫഷണൽ രീതിയിൽ കുറ്റകൃത്യം നടത്തുന്ന കുറ്റവാളികൾ വിരളമാണ്. കുറ്റകൃത്യത്തിന് ഇരയാകുന്നവരിൽ പലരും മാനഹാനി ഭയന്ന് പരാതി കൊടുക്കാറില്ലെന്നും അതുകൊണ്ടാണ് പലപ്പോഴാണ് പ്രതികള്‍ രക്ഷപ്പെടുന്നതെന്ന് പൊലീസ് പറയുന്നു.

Read More :  വരിവരിയായി നിർത്തി, പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു, 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

Latest Videos
Follow Us:
Download App:
  • android
  • ios