ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്, പരാതിയുമായി മുന്‍ സഹായി
ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം എന്നാണ് ആരോപണം
വാഷിംഗ്ടണ്‍: ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2010ൽ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികമായി പീഡിപ്പിച്ചതായും ആക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് വിന്‍ ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ പരാതിയിൽ വിശദമാക്കുന്നത്. ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ചായിരുന്നു അതിക്രമം എന്നാണ് ആരോപണം.
വ്യാഴാഴ്ചയാണ് ആസ്റ്റ പരാതി നൽകിയത്. സമ്മതം കൂടാതെ 56കാരനായ വിന്‍ ഡീസൽ കയറിപ്പിടിച്ചതായും എതിർപ്പ് അവഗണിക്കാതെ സ്യൂട്ട് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പുറത്താക്കിയതായും പരാതിക്കാരി വിശദമാക്കുന്നു. വിന്‍ ഡീസലിന്റെ നിർമ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസിൽ നിന്ന് നടന്റെ സഹോദരിയാണ് പരാതിക്കാരിയെ പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ അടക്കമുള്ളവ നടനിൽ നിന്നും സഹിക്കേണ്ടി വന്നതായാണ് പരാതി വിശദമാക്കുന്നത്. നടന്റെ നിർമ്മാണ കമ്പനിക്കും സഹോദരി സമാന്ത വിന്‍സെന്റിനെതിരെയുമാണ് യുവതിയുടെ പരാതി.
ആക്രമണം ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചതായും സ്വന്തം കഴിവുകള വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് പരാതിക്കാരി എത്തുന്ന അവസ്ഥയ്ക്കും കാരണമായെന്നാണ് പരാതി വിശദമാക്കുന്നത്. കരിയറിൽ മുന്നോട്ട് വരാനായി ലൈംഗികപരമായ പ്രത്യുപകാരങ്ങൾ ചെയ്യേണ്ടതുണ്ടോയെന്നാണ് പരാതിക്കാരി കോടതിയോട് ചോദിക്കുന്നത്. എന്നാൽ തങ്ങളുടെ സ്ഥാപനത്തിൽ 9 ദിവസം മാത്രം ജോലി ചെയ്ത പരാതിക്കാരിയുടെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് വിന്‍ ഡീസലിന്റെ അഭിഭാഷകന്‍ പ്രതികരിക്കുന്നത്. 13 വർഷത്തിന് ശേഷം പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും താരത്തിന്റെ അഭിഭാഷകന്‍ പറയുന്നു. ഭയം മൂലമാണ് താൻ വർഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്നും എന്നാൽ തുറന്ന് സംസാരിക്കാൻ #MeTooപ്രസ്ഥാനം ഊർജ്ജം നൽകിയെന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്.
കാലിഫോർണിയയിലെ ലൈംഗിക ദുരുപയോഗം, മറച്ചുവെക്കൽ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. 2022 സെപ്റ്റംബറിൽ പാസാക്കിയ ഈ നിയമം അതിജീവിക്കുന്നവർക്ക് ഒരു പരാതി ഫയൽ ചെയ്യുന്നതിന് മൂന്ന് വർഷത്തെ കാലയളവ് നൽകുന്നുണ്ട്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയുടെ നിർമ്മാതാവ് കൂടിയായ വിന്‍ ഡീസൽ ഹോളിവുഡിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങൾക്ക് പുറമേ, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, XXX,റിഡിക്ക് എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെയാണ് വിൻ ഡീസൽ അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം