വില കൂടിയ ഐഫോണുമായി ഭിക്ഷയാചിക്കുന്ന കുട്ടിയുടെ വീഡിയോ വൈറല്‍; പിന്നാലെ അന്വേഷണവുമായി പോലീസ്
ഒരു യുവാവ് വന്ന് കുട്ടിയോട് 1000 രൂപ വാഗ്ദാനം ചെയ്യുന്നു. ഈ സമയം കുട്ടി കീശയില്‍ നിന്നും ഫോണെടുത്ത് നീട്ടുന്നു.
മധ്യപ്രദേശിലെ സത്‌നയിലെ ചൗപതി, സെമരിയ ചൗക്കിൽ ഒരു ആണ്‍കുട്ടി കൈയില്‍ ഐഫോണുമായി ഭിക്ഷയാചിക്കുന്നത് കണ്ടവര്‍ അന്തം വിട്ടു. പിന്നാലെ കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായി. ഒരു കൈയില്‍ ഐ ഫോണുമായി ഭിക്ഷയാചിക്കുന്ന കുട്ടിയെ കണ്ട് ഒരു പെണ്‍കുട്ടി മുന്നോട്ട് വന്ന് ഫോണ്‍ എവിടെ നിന്നാണെന്ന് ചോദിക്കുന്നു. ഉടനെ കുട്ടി ഫോണ്‍ തന്‍റെ ജീന്‍സിന്‍റെ കീശയിലേക്ക് മാറ്റുന്നു. എന്നാല്‍ യുവതി വീണ്ടും വീണ്ടും ചോദിക്കുന്നു. ഇതിനിടെ ഒരു യുവാവ് വന്ന് കുട്ടിയോട് 1000 രൂപ വാഗ്ദാനം ചെയ്യുന്നു. ഈ സമയം കുട്ടി കീശയില്‍ നിന്നും ഫോണെടുത്ത് യുവതിക്ക് നല്‍കുന്നു. പച്ച നിറത്തിലുള്ള കേസോടു കൂടിയ ഐ ഫോണായിരുന്നു അത്. യുവതിയും സുഹൃത്തും വീണ്ടും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ അത് തന്‍റെ ഫോണ്‍ തന്നെയെന്ന് കുട്ടി ആവര്‍ത്തിക്കുന്നു.
മധ്യപ്രദേശിലെ സത്‌നയിലെ ചൗപതി, സെമരിയ ചൗക്കിൽ നിന്നാണ് വീഡിയോ പകർത്തിയതെന്ന് ലോക്കല്‍ 18 മധ്യപ്രദേശ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ വൈറലായതോടെ മധ്യപ്രദേശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ ഭക്ഷാടന രഹിത മേഖലകളാക്കി പ്രഖ്യാപിക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നെങ്കിലും ഇന്നും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഭിക്ഷാടകര്‍ ധാരാളമാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മയും മറ്റും സാധാരണക്കാരെ ഭിക്ഷാടകരാകാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരം ഭിക്ഷാടകരില്‍ കുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യപ്രദേശിലെ പിതാംപൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു. ഇവരില്‍ നിന്നും പോലീസ്, വില കൂടിയ മൊബൈല്‍ ഫോണുകളും 2.5 ലക്ഷം രൂപ വിലയുള്ള ഇരുചക്രവാഹനങ്ങളും കണ്ടെടുത്തു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും തീര്‍ത്ഥാടക കേന്ദ്രങ്ങളിലും ഭിക്ഷാടന മാഫിയ ശക്തമാണ്. അതോടൊപ്പം മോഷണവും പെരുകുന്നു. സാധാരണക്കാരുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ പലതും നിലച്ചതും രാജ്യത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മയും കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മോഷ്ടിക്കാനും പണം അതുവഴി പണം സമ്പാദിക്കാനും പ്രേരിപ്പിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. 2021 ല്‍ പുറത്ത് വന്ന യുനിസെഫിന്‍റെ കണക്ക് പ്രകാരം ലോകമെങ്ങും 16 കോടി കുട്ടികള്‍ നിര്‍ബന്ധിത തൊഴിലെടുക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെയാണ് ഇത്രയേറെ കുട്ടികള്‍ തൊഴിലിടങ്ങളിലേക്ക് നയിക്കപ്പെട്ടതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.