വരാപ്പുഴ കസ്റ്റഡിക്കൊല: കുറ്റപത്രം തയ്യാർ, എസ്ഐക്ക് എതിരെ കൊലക്കുറ്റം, എ വി ജോർജ് സാക്ഷി
2018 ഏപ്രിൽ 9-ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കസ്റ്റഡിക്കൊലകളിൽ ഏറ്റവുമധികം കോളിളക്കമുണ്ടാക്കിയ കേസായിരുന്നു ഇത്.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിന്‍റെ കുറ്റപത്രം ക്രൈംബ്രാഞ്ച് നാളെ സമർപ്പിക്കും. എസ് ഐ ദീപക്കടക്കം നാലു പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ആരോപണവിധേയനായ ഡിഐജി എ വി ജോർജ് കേസിൽ സാക്ഷിയാണ്.
2018 ഏപ്രിൽ 9-ന് എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ആകെ 9 പ്രതികളുളള കുറ്റപത്രത്തിൽ റൂറൽ ടാസ്ക് ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ് ജിതിൻ രാജ് എന്നിവരാണ് ആദ്യ മൂന്നുപ്രതികൾ. വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് നാലാം പ്രതിയും വടക്കൻ പറവൂർ സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയുമാണ്.
വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ. ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോൾ ആർ ടി എഫ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്നും പിന്നീട് സ്റ്റേഷനിൽ വെച്ച് എസ് ഐ ദീപക്കിന്‍റെ മർദനത്തിന് ഇരയായെന്നും അന്തിമ റിപ്പോർട്ടിലുണ്ട്. ഈ രണ്ട് മർദ്ദനങ്ങളും ആന്തരിക രക്തസാവമുണ്ടാക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്ന ശാസത്രീയ രേഖകളും കുറ്റപത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.
എസ് ഐ ദീപക്കിനും ആർ ടി എഫ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതിചേർത്തിരിക്കുന്നത്. ആർ ടി എഫ് ഉദ്യോഗസ്ഥരെ വരാപ്പുഴയിലേക്കയച്ച മുൻ എസ് പി എ വി ജോർജ് സാക്ഷിയാണ്. സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ ആർ ടി എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടിലുളളത്.