കാലാവധി തീരാറായ ഭക്ഷ്യ വസ്തുക്കൾ തേടിയെത്തി, സ്ത്രീകളെ വെടിവച്ചുകൊന്ന് മൃതദേഹം പന്നികൾക്ക് നൽകി ഫാമുടമ, കേസ്
കാലാവധി കഴിഞ്ഞതും അവസാനിക്കാറായ ഭക്ഷണ വസ്തുക്കൾ തേടിയായിരുന്നു ഇവർ ഫാമിലെത്തിയത്. പന്നികൾക്ക് ഭക്ഷണമായി നൽകാറുള്ള ഇവ ചിലപ്പോഴൊക്കെ ഭക്ഷണം ആവശ്യപ്പെട്ട് എത്തുന്നവർക്ക് ഇവിടെ നിന്നും നൽകിയിരുന്നു.
ലിംപോപോ: ഫാമിന് സമീപം ഭക്ഷണം തേടിയെത്തിയ സ്ത്രീകളെ വെടിവച്ച് കൊന്ന ശേഷം മൃതദേഹം പന്നികൾക്ക് ഭക്ഷണമാക്കി നൽകി യുവാവ്. വെടിയേറ്റിട്ടും കഷ്ടിച്ച് രക്ഷപ്പെട്ട സ്ത്രീകളിലൊരാളുടെ ഭർത്താവിന്റെ പരാതിക്ക് പിന്നാലെയാണ് സംഭവം പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കയിലെ വടക്കൻ പ്രവിശ്യയായ ലിംപോപോയിലാണ് കൊടും ക്രൂരത നടന്നത്. കറുത്ത വർഗത്തിൽപ്പെട്ട 45ഉം, 34ഉം പ്രായമുള്ള സ്ത്രീകളാണ് വെളുത്ത വർഗക്കാരനായ ഫാമുടമയുടെ അനധികൃത തോക്കിൽ നിന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തിൽ നടന്ന സംഭവം പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധത്തിനാണ് ദക്ഷിണാഫ്രിക്ക സാക്ഷിയാവുന്നത്.
മരിയ മാക്ഗാറ്റോ, ലൂസിയ നിലോവ് എന്നിവരാണ് ലിംപോപോയിലെ പോലോക്വേനിൽ കൊല്ലപ്പെട്ടത്. വെടിയേറ്റ് പരിക്കോടെ രക്ഷപ്പെട്ട ലൂസിയ നിലോവിന്റെ ഭർത്താവാണ് സംഭവം പുറത്തറിയിച്ചത്. ഓഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം സക്കറിയ ജോനസ് ഒലിവിയർ എന്നയാളുടെ ഫാമിന് സമീപത്ത് നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഇയാൾ ചികിത്സിക്കാനെത്തിയ ഡോക്ടറോടും പിന്നീട് പൊലീസിനേയും വിവരം അറിയിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം ഫാമിൽ നടത്തിയ പരിശോധനയിലാണ് പന്നിക്കൂട്ടിൽ നിന്ന് സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ ജീർണിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. 60കാരനായ സക്കറിയ ജോനസ് ഒലിവിയർ, ഇയാളുടെ തൊഴിലാളികളായ 19കാരൻ ആഡ്രിയാൻ ദേ വെറ്റ് 50 കാരനായ വില്യം മുസോറ എന്നിവരെ കൊലപാതക കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിചാരണ നടക്കുന്നതിനിടെ കോടതിക്ക് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. 30 വർഷം മുൻപ് വർണ്ണവിവേചനം അവസാനിച്ചതാണെങ്കിലും ആളുകൾ ഇതിൽ നിന്ന് മോചനം നേടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. കൊലപാതകത്തിന് പുറമേ സ്ത്രീകളിലൊരാളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്. അടുത്തിടെ ഇവരുടെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു.
കാലാവധി കഴിഞ്ഞതും അവസാനിക്കാറായ ഭക്ഷണ വസ്തുക്കൾ തേടിയായിരുന്നു ഇവർ ഫാമിലെത്തിയത്. പന്നികൾക്ക് ഭക്ഷണമായി നൽകാറുള്ള ഇവ ചിലപ്പോഴൊക്കെ ഭക്ഷണം ആവശ്യപ്പെട്ട് എത്തുന്നവർക്ക് ഇവിടെ നിന്നും നൽകിയിരുന്നു. കൊല്ലപ്പെട്ട മരിയയ്ക്ക് 22 മുതൽ 5 വയസ് വരെ പ്രായമുള്ള 4 പുത്രന്മാരാണ് ഉള്ളത്. ഇതിനിടെ ഫാമിൽ നിന്നുള്ള ഉത്പന്നങ്ങളിൽ മനുഷ്യ മാംസം കലർന്നതിനാൽ വിൽപന നടത്തരുതെന്നും ഫാം അടച്ച് പൂട്ടണമെന്നുമാണ് ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന സംഘടന ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം