വീട്ടിൽ ആരുമില്ല, ഞായറാഴ്ച അടിച്ച് ആഘോഷിച്ചു, രാത്രിയിൽ ടിവിയെ ചൊല്ലി തർക്കം, സഹോദരനെ കൊന്ന 24കാരൻ അറസ്റ്റിൽ
രാത്രി വൈകിയുള്ള മദ്യപാനത്തിന് പിന്നാലെ ടിവിയെ ചൊല്ലി തർക്കം. സഹോദരനെ കുത്തിക്കൊന്ന 24കാരൻ അറസ്റ്റിൽ
ഡെറാഡൂൺ: ടിവി ഓഫ് ചെയ്യുന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരനെ മർദ്ദിച്ചുകൊന്ന 24കാരൻ അറസ്റ്റിൽ. ഡെറാഡൂണിലെ പണ്ഡിറ്റ്വാഡിയി ഭാഗത്ത് തിങ്കളാഴ്ച 1.30ഓടെയാണ് സംഭവം. നീരജ് കുമാർ എന്ന 24കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി ഭർത്താവായ ലക്ഷ്മൺ മാഞ്ചിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
വിജയ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. നീരജും സഹോദരൻ വിജയും വീട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രി വൈകും വരെ രണ്ട് പേരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം വിജയ് ടിവി കാണാൻ തുടങ്ങി. പല തവണ ടിവിയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും വിജയ് തയ്യാറാവാതെ വന്നതോടെ നീരജ് ക്ഷുഭിതനായി സഹോദരനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. മദ്യ ലഹരിയിലെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിജയ് രക്തം വാർന്നാണ് മരിച്ചത്.
വിജയുടെ നിലവിളി കേട്ട അയൽവാസിയാണ് വിവരം ഇവരുടെ സഹോദരിയുടെ വീട്ടിൽ അറിയിച്ചത്. സഹോദരി ഭർത്താവ് ഉടനെ വീട്ടിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന വിജയിയെ ആയിരുന്നു. സഹോദരി ഭർത്താവും അയൽവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ സഹോദരി ഭർത്താവ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം