തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോയോളം കഞ്ചാവുമായി 4 പേർ പിടിയിൽ; ഒപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടു
കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം എടുത്തത്. പിന്നീട് സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് എക്സൈഡ് പിടികൂടി. ജഗതിക്കടുത്ത് കണ്ണേറ്റുമുക്കിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വൻ കഞ്ചാവ് കടത്ത് തടഞ്ഞത്. നാല് പേരെ പിടികൂടിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.
തിരുവനന്തപുരത്ത് നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു കഞ്ചാവ് കടത്ത്. കുടുംബമായി യാത്ര പോകാനെന്ന വ്യാജേനയാണ് വാഹനം എടുത്തത്. പിന്നീട് സംസ്ഥാനം വിട്ടുപോയ വാഹനം തുടർച്ചയായി 1300 കിലോമീറ്ററോളം നിർത്താതെ ഓടി. വാഹനത്തിന്റെ ജിപിഎസ് ട്രാക്കറിൽ ഇക്കാര്യം മനസിലാക്കിയ വാഹനത്തിന്റെ ഉടമ എക്സൈസ് സംഘത്തെ വിവരം അറിയിച്ചു.
ഇന്ന് സംസ്ഥാന അതിർത്തി കടന്ന് കേരളത്തിലേക്ക് കടന്ന വാഹനത്തെ എക്സൈസ് സംഘം പിന്തുടർന്നു. കണ്ണേറ്റുമുക്കിൽ വെച്ച് വാഹനം കൈമാറാനുള്ള ശ്രമത്തിനിടെ പ്രതികളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഈ സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും ഒരു പുരുഷനും ഓടി. എന്നാൽ ഓടിയ പുരുഷനെ നാട്ടുകാർ പിന്നാലെ ഓടി പിടികൂടി. ഇതിനിടെ സ്ത്രീ രക്ഷപ്പെട്ടു.
വാഹനത്തിൽ നൂറ് കിലോയോളം കഞ്ചാവ് ഉണ്ടെന്നാണ് സംശയം. ആന്ധ്രയിലേക്കാണ് കാറുമായി പ്രതികൾ പോയത്. കഞ്ചാവ് അളന്നുതൂക്കിയിട്ടില്ല. പിടിയിലായ പ്രതികളിലൊരാൾ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ പറഞ്ഞു. കുടുംബയാത്രയെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സ്ത്രീയെ ഒപ്പം കൂട്ടിയതെന്ന് സംശയിക്കുന്നതായും അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി.