'മകൾ ഒറ്റയ്ക്കാണ്, ശ്രദ്ധിക്കണമെന്ന് പിതാവ്'; ട്രെയിനിൽ മദ്യലഹരിയിൽ ടിടിഇ യുവതിയെ കടന്ന് പിടിച്ചു, അറസ്റ്റ്

പുലർച്ചെ ഒരു മണിയോടെ യുവതിയുടെ അടുത്തെത്തിയ നിതീഷ് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇതിന് തയ്യാറാകാതിരുന്നതോടെ ആലുവയിൽ വെച്ച് കൈയ്യിൽ കയറി പിടിക്കുകയായിരുന്നു.

train ticket examiner arrested for misbehaving with woman passenger in rajya rani express vkv

കോട്ടയം: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ മദ്യലഹരിയിൽ കടന്നുപിടിച്ച ടിക്കറ്റ് എക്സാമിനർ അറസ്റ്റിൽ. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷാണ് അറസ്റ്റിലായത്.  കോട്ടയം റെയിൽവേ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ നിന്ന് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്യാനായി ഒറ്റയ്ക്ക് ട്രെയിനിൽ കയറി യുവതിയോട് ആയിരുന്നു നിതീഷിന്റെ മോശം പെരുമാറ്റം. 

യുവതി ഒറ്റയ്ക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും യുവതിയുടെ പിതാവ് നിലമ്പൂർ സ്റ്റേഷനില്‍ നിന്നും ടി ടി ഇ യെ പറഞ്ഞ് ഏൽപ്പിച്ചിരുന്നു. പുലർച്ചെ ഒരു മണിയോടെ യുവതിയുടെ അടുത്തെത്തിയ നിതീഷ് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. യുവതി ഇതിന് തയ്യാറാകാതിരുന്നതോടെ ആലുവയിൽ വെച്ച് കൈയ്യിൽ കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതി. 

പിന്നീട് യുവതി തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശപ്രകാരം ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിതീഷിനെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. ട്രെയിൻ കോട്ടയത്ത് എത്തിയ ശേഷമാണ് കോട്ടയം ആർപിഎഫിന് കൈമാറിയതെന്ന് കോട്ടയം റെയിൽവേ പൊലീസ് എസ് എച്ച് ഒ റെജി പി ജോസഫ് പറഞ്ഞു. അറസ്റ്റിനുശേഷം നടത്തിയ വൈദ്യ പരിശോധനയിലാണ് നിതീഷ് മദ്യപിച്ചിരുന്നു എന്ന കാര്യം സ്ഥിരീകരിച്ചത്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. രതീഷിനെതിരെ വകുപ്പ് നടപടി ഉണ്ടാകുമെന്ന് റെയിൽവേയും അറിയിച്ചു.

Read More :കുടുംബ വഴക്ക്; ഭാര്യയുടെ നെഞ്ചിൽ കത്തികൊണ്ട് കുത്തി, പിന്നാലെ ഭർത്താവ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി

Latest Videos
Follow Us:
Download App:
  • android
  • ios