പഞ്ചായത്ത് പ്രസിഡന്‍റടക്കം നാട്ടിലെ സ്ത്രീകൾക്ക് അശ്ലീല കത്ത്, അയൽവാസിയെ കുടുക്കാൻ യുവാവിന്‍റെ കെണി, അറസ്റ്റ്
ഇതിനിടെ പടനിലത്തു താമസിക്കുന്ന മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായമുള്ള സ്ത്രീകൾക്കും നിരന്തരം കത്തുകൾ വരാൻ തുടങ്ങി. ഇതെല്ലാം ശ്യാമിന്റെ പേര് വെച്ച കത്തുകൾ ആയിരുന്നു.
നൂറനാട്: കഴിഞ്ഞ ആറ് മാസമായി ആലപ്പുഴ നൂറനാട് പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തി കൊണ്ടിരുന്ന അജ്ഞാത അശ്ലീല ഊമക്കത്ത് പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റില്‍. നൂറനാട് നെടുകുളഞ്ഞിമുറിയിൽ ശ്യാം നിവാസിൽ ശ്യാം (36), നൂറനാട് നെടുകുളഞ്ഞിമുറിയിൽ തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് മാമ്പ്ര മുറിയിൽ കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് സംഭവത്തിന്റെ തുടക്കം. ഒരു ദിവസം ഒന്നാം പ്രതിയായ ശ്യാം നൂറനാട് സി ഐ, പി ശ്രീജിത്തിനെ കണ്ട് അയൽ വീട്ടിൽ താമസിക്കുന്ന മനോജിന്റെ കിണറ്റിൽ ആരോ പട്ടിയെ കൊണ്ടിട്ടുണ്ടെന്നും അത് താനാണ് ഇട്ടതെന്നും പറഞ്ഞ് നാട്ടിൽ അപവാദ പ്രചരണങ്ങൾ മനോജ് നടത്തുന്നുണ്ടെന്നും പറഞ്ഞു.
മനോജിന് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതുന്ന സ്വഭാവം ഉണ്ടെന്നും ശ്യാം സിഐയോട് പറഞ്ഞു. തുടർന്ന് ഒരാഴ്ചയ്ക്കുശേഷം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ഒരു കത്ത് ലഭിച്ചു. ആ കത്ത് അയച്ചിരുന്ന ആളുടെ പേര് കവറിന് പുറത്ത് ഉണ്ടായിരുന്നത് ശ്യാം, ശ്യാം നിവാസ് പടനിലം എന്നായിരുന്നു. പൊലീസ് മനോജിനെ ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിച്ചെങ്കിലും മനോജോ വീട്ടുകാരോ കത്ത് എഴുതിയതായി യാതൊരു തെളിവും ലഭിച്ചില്ല. ഇതിനിടെ പടനിലത്തു താമസിക്കുന്ന മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായമുള്ള സ്ത്രീകൾക്കും നിരന്തരം കത്തുകൾ വരാൻ തുടങ്ങി. ഇതെല്ലാം ശ്യാമിന്റെ പേര് വെച്ച കത്തുകൾ ആയിരുന്നു.
കഴിഞ്ഞ ആഴ്ച ശ്യാമിന്റെ തന്നെ ബന്ധുവായ ലത എന്ന സ്ത്രീക്ക് കത്തു വരികയും അത് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ആ കത്ത് പോസ്റ്റ് ചെയ്തിരുന്നത് വെൺമണി പോസ്റ്റ് ഓഫീസിൽ നിന്നായിരുന്നു. തുടർന്ന് പൊലീസ് വെൺമണി പോസ്റ്റ് ഓഫീസിൽ എത്തി നടത്തിയ പരിശോധനയില്‍ തൊട്ടടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ഒരു മധ്യവയസ്കനെ സംശയകരമായ രീതിയിൽ കണ്ടെത്തി. തുടർന്ന് അയാളെപ്പറ്റി അന്വേഷണം നടത്തിയതിൽ ചെറിയനാട് താമസിക്കുന്ന റിട്ടയേഡ് പട്ടാളക്കാരനായ രാജേന്ദ്രൻ എന്നയാൾ ആണെന്ന് മനസ്സിലായി. രാജേന്ദ്രനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ രാജേന്ദ്രൻ കുറ്റം സമ്മതിക്കുകയും ഇതെല്ലാം പടനിലത്തുള്ള ജലജ എന്ന സ്ത്രീ പറഞ്ഞിട്ടാണെന്നും അറിയിച്ചു.
ജലജയെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ഈ കത്തിന് എല്ലാം പിന്നിൽ ശ്യാം തന്നെ ആണെന്ന് ജലജ അറിയിച്ചു. തുടർന്ന് ശ്യാമിനെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ജലജയുടെയും ശ്യാമിന്റെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും ഈ വീടുകളിൽ നിന്നും കണ്ടെടുത്തു. ആദ്യത്തെ മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത് ശ്യാമും ജലജയും ചേർന്നാണ്. പൊലീസ് ശ്യാമിനെ സംശയിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി അടുത്ത മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത് രാജേന്ദ്രനാണ്. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതിനിടെ ശ്യാം ഹൈക്കോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിനും പോയിട്ടുണ്ട്. ഈ കത്തുകളുടെ എല്ലാം പിന്നിൽ മനോജ് ആണ് എന്ന് തെറ്റിദ്ധരിക്കാൻ ശ്യാമിന്റെ സഹോദരിയെ കൊണ്ട് തെറ്റിദ്ധരിപ്പിച്ച് ഒരു പരാതി ഉണ്ടാക്കി നൂറനാട് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ശ്യാമിന് മനോജ്, ശ്രീകുമാർ എന്നിവരോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കമായിരുന്നു മനോജിനോട് വൈരാഗ്യം വരാനുള്ള കാരണം. പ്രതികൾ ഇതുവരെ പടനിലം പ്രദേശത്തുള്ള അമ്പതോളം പേർക്ക് കത്ത് അയച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പടനിലം പ്രദേശത്തെ പരിഭ്രാന്തി പരത്തി കൊണ്ടിരുന്ന അജ്ഞാത അശ്ലീല കത്ത് പ്രചരണത്തിന് ആണ് ഇതോടെ പരിഹാരമായത്. സിഐ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എസ് ഐ സുഭാഷ് ബാബു, എ എസ് ഐ രാജേന്ദ്രൻ, സിപി ഓ മാരായ ജയേഷ്, സിനു, വിഷ്ണു, പ്രവീൺ, രജനി, ബിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read More : പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ വീണ്ടും പീഡനം; 64 കാരനായ സന്യാസിക്കെതിരെ പെൺകുട്ടിയുടെ പരാതി, അറസ്റ്റ്