സ്ത്രീ ശബ്ദമുണ്ടാക്കാൻ ആപ്പ്, കെണിയൊരുക്കാൻ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ...

ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോൺ വിളിക്കും.

three arrested in kochi dating app honey trap case vkv

കൊച്ചി: എറണാകുളം പുത്തൻകുരിശിൽ ഡേറ്റിഗ് ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂർ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ്  ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.  മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് പല ജില്ലകളിൽ നിന്നുള്ളവരെ ഇവർ കെണിയിൽ പെടുത്തുന്നതെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു. രണ്ട് വർഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരിൽ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. 

തൃശൂർ സ്വദേശി പ്രിൻസ് ആണ് ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ. ഇയാളുടെ പങ്കാളി അശ്വതി. കൊല്ലം സ്വദേശി അനൂപ് എന്നിവരുമായി ചേർന്നാണ് ഇവർ യുവാക്കളെ കെണിയിലാക്കിയിരുന്നത്.  വടക്കൻ പറവൂർ സ്വദേശി നൽകിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസിന്‍റെ അറസ്റ്റ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റിൽ കറക്കി വീഴ്ത്തിയാൽ പിന്നെ ഫോൺ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോൺ വിളിക്കും. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തും. 

ഈ സമയം പെൺകുട്ടിയുടെ സഹോദരന്മാരാണെന്ന് പറഞ്ഞ് പ്രതികൾ രംഗത്തെത്തും. 18 വയസ്സിന് താഴെ ഉള്ള സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തും.പെട്ട് പോയ അവസ്ഥയിൽ മിക്കവരും വഴങ്ങും. ചോദിക്കുന്ന പണം കൈമാറി തടിതപ്പും. ഇല്ലെങ്കിൽ നഗ്ന ഫോട്ടോകളെടുത്ത് പിന്നെയും ഭീഷണി. സമാനരീതിയിലാണ് പറവൂർ സ്വദേശിയായ യുവാവിനെ പത്താം മൈലിൽ നിന്ന് കാറിൽ കയറ്റി കൊണ്ട് പോയാണ് പ്രതികൾ പണം തട്ടിയത്. ബെംഗളൂരുവിലാണെന്ന് പറഞ്ഞ് അനു എന്ന പെൺകുട്ടിയുടെ പേരിലായിരുന്നു ഹണിട്രാപ്പ്. 

നാട്ടിൽ വന്നിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ ശബ്ദത്തിൽ പ്രതികള്‍ യുവാവിനെ വിളിച്ച് വരുത്തി. പതിവ് ശൈലിയിൽ ഇയാളെ കണ്ടതും പ്രതികളും എത്തി. പെങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കൈയ്യിലുണ്ടായിരുന്ന 3000 രൂപയും,സുഹൃത്തിൽ നിന്ന് 23,000 രൂപ ഗൂഗിൽ പേ വഴിയും സ്വന്തമാക്കി. അപ്പോൾ പണം നൽകിയെങ്കിലും പിന്നീട് യുവാവ് റൂറൽ എസ് പി ക്ക് പരാതി നൽകിയതോടെ ആണ് തട്ടിപ്പ് സംഘം വലയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രിൻസിന്‍റെ ഭാര്യ വീടായ രാമമംഗലം കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ആസൂത്രണം. 

ഇവരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ പരിശോധനയിൽ നിരവധി പേരെ തട്ടിപ്പിനായി ഇവർ സമീപിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സമാനരീതിയിൽ തന്‍റെ കൈയ്യിൽ നിന്ന് സ്വർണ്ണ ചെയിനും,19000 രൂപയും തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയും പ്രതികൾക്കെതിരെ പൊലീസിന് കിട്ടിയിട്ടുണ്ട്. പണം നഷ്ടമായ നിരവധി സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും നാണക്കേട് ഭയമന്ന് പൊലീസിൽ പരാതി നൽകാൻ പലരും തയ്യാറാകുന്നില്ല.

Read More : സ്ത്രീകളുടെ കുളിസീൻ മൊബൈലിൽ, 12 വയസുകാരനെ നാട്ടുകാർ പൊക്കി; ചുരുളഴിഞ്ഞത് പീഡനം, കാസർകോട് വ്യാപാരി പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios