'നഴ്സിംഗ് കോളേജിൽ അഡ്മിഷൻ ശരിയാക്കാം', അലോട്ട്മെന്‍റ് മെമ്മോ, സർക്കുലർ, എല്ലാം വ്യാജം; തട്ടിയത് 98 ലക്ഷം !
നഴ്സിംഗ് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ പൊക്കിയത്. കേസിലെ രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
കായംകുളം: കേരളത്തിലെ വിവിധ കോളേജുകളിൽ നഴ്സിംഗിന് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ഭാഗത്ത് കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം ജില്ലയിൽ തിരുവല്ലം വില്ലേജിൽ നെല്ലിയോട് മേലേ നിരപ്പിൽ ഭാഗത്ത് കൃഷ്ണ കൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. സലാഹുദ്ദീനെ കോഴിക്കോട് രാമനാട്ടുകര തൊടി ഭാഗത്തു നിന്നും ബീനയെ തിരുവനന്തപുരം കടകംപള്ളി ആനയറ പുളിക്കൽ ഭാഗത്ത് അമ്പു ഭവനം വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
നഴ്സിംഗ് അഡ്മിഷൻ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളെ പൊക്കിയത്. കേസിലെ രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്ത് ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. മുമ്പ് തിരുവനന്തപുരത്ത് ഹീരാ കോളേജ് ഓഫ് എൻജിനീയറിംഗിൽ അഡ്മിഷൻ മാനേജരായും ഇവർ ജോലി നോക്കിയിരുന്നു. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. പ്രൈവറ്റ് നഴ്സിംഗ് അസോസിയേഷൻ മെമ്പറായ മൂന്നാം പ്രതിയുടെ സഹായത്തോടെ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെയുടെ പേരിൽ വ്യാജമായുണ്ടാക്കിയ അലോട്ട്മെന്റ് മെമ്മോകളും, സർക്കുലറുകളും മറ്റും അയച്ചാണ് ഈ കേസിലെ പരാതിക്കാരി വഴിയും മറ്റുമായി നിരവധി പേരിൽ നിന്നും പ്രതികൾ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയത്. രണ്ടാം പ്രതിയായ ബീന സമാന കേസിൽ മാവേലിക്കരയിലും എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘം നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പൊലീസിന് സംശയമുണ്ട്. കായംകുളം ഡിവൈഎസ്‌പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ മുഹമ്മദ് ഷാഫി, എസ് ഐ ശ്രീകുമാർ, എ എസ് ഐ മാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.
Read More : നാളെ ഇടിമിന്നലോടുകൂടിയ മഴ, എട്ടിന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, 10 വരെ കേരളത്തിൽ കാറ്റും മഴയും