സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല, അപകടകരമായി ഡ്രൈവിംഗ്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കോമഡി താരമായ കൊല്ലം സുധിക്ക് അന്തിമോപചാരം അർപ്പിച്ച് മടങ്ങവേയാണ് സംഭവം.
കൊച്ചി: മുന്‍ രാജ്യസഭാ അംഗവും സിനിമാതാരവുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച അന്യസംസ്ഥാന ലോറി ഡ്രൈവറെ കളമശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട് കള്ളകുറിച്ചി പിള്ളയാർ കോവിൽ തെരുവിൽ ഭരത്ത് (29) ആണ് പിടിയിലായത്. ഇന്ന് വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം.
കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കോമഡി താരമായ കൊല്ലം സുധിക്ക് പൊതുദർശനം നടന്ന കാക്കനാടുള്ള സ്വകാര്യ ന്യൂസ് ചാനൽ ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിച്ച ശേഷം തൃശൂരിലേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി തോഷിബ ജംഗ്ഷന് സമീപം വെച്ച് സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ലോറി ഡ്രൈവർ അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിച്ച് തടസം സൃഷ്ടിച്ചു.
പല തവണ കാർ ലോറിക്ക് സമീപം എത്തുമ്പോഴും ലോറി ഡ്രൈവർ വാഹനം കയറി പോകാൻ സമ്മതിക്കാതെ തടഞ്ഞു. ഇതോടെ സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ വെച്ച് പൊലീസ് സംഘം ലോറി തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും ലോറിയെയും കസ്റ്റഡിയിൽ എടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു.
Read More : ജന്മനാ ഗുരുതര ഹൃദയ വൈകല്യം, ഒരുവയസുകാരന്‍റെ ജീവൻ തിരിച്ച് പിടിച്ച് ശസ്ത്രക്രിയ, വീണ്ടുമൊരു വിജയഗാഥ