'ഇത് പതിവ്' യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ തള്ളി സുപ്രീം കോടതി
തൊടുപുഴയിൽ യുവതിയെ വിവാഹവാഗ്ജാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി ഏഴ് വർഷം തടവിന് വിധിച്ച പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോൻ ലാലുവിന്റെ അപ്പീൽ സുപ്രീം കോടതി റദ്ദാക്കി
ദില്ലി; തൊടുപുഴയിൽ യുവതിയെ വിവാഹവാഗ്ജാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി ഏഴ് വർഷം തടവിന് വിധിച്ച പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോൻ ലാലുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. അഞ്ച് വർഷമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം നൽകി ശിക്ഷ വിധി റദ്ദാക്കണമെന്ന് കാട്ടിയാണ് ജെയ്മോൻ ലാലു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ കാലാവധി മുഴുവൻ അനുഭവിക്കണമെന്നും ജഡ്ജിമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ ആരോപണം ഉന്നയിച്ച് സ്ത്രീയും ജയ്മോനും ഒന്നിച്ച് ഒരു വർഷത്തോളം താമസിച്ചവരാണെന്നും ബന്ധം തകർന്നപ്പോൾ ബലാത്സംഗം പരാതി നൽകിയതാണെന്നും അതിനാൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും ഹർജിക്കാരാനായി ഹാജരായ അഭിഭാഷകൻ മഞ്ജു ആന്റണി, ജെയിംസ് തോമസ് എന്നിവർ വാദിച്ചു. എന്നാൽ 17 സമാനമായ കേസുകൾ ഇയാൾക്ക് എതിരെയുണ്ടെന്നും പ്രതി വിവാഹവാഗ്ദാനം നൽകി പരാതിക്കാരിയെ വഞ്ചിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതാണെന്നും സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷാദ് വി ഹമീദ് വാദിച്ചു.
സംസ്ഥാനസർക്കാരിന്റെ വാദത്തോടെ യോജിച്ച് കോടതി അപ്പീൽ തള്ളുകയായിരുന്നു. പിജെ ജോസഫിനെതിരായ എസ്എംഎസ് കേസിലെ സാക്ഷിയായിരുന്നു ജയ്മോൻ ലാലു. പിന്നീട് പി.ജെ ജോസഫിനെതിരെ സ്ത്രിപീഡന കേസ് കെട്ടിച്ചമയ്ക്കാൻ 2011ൽ പി.സി.ജോർജ്ജ് തന്നെ പ്രേരിപ്പിച്ചു എന്ന ആരോപണം ജയ് മോൻ ലാലു ഉന്നയിച്ചിരുന്നു.
2011 കാലത്താണ് കേസ് വരുന്നത്. പിജെ ജോസഫിനെതിരെ തൊടുപുഴ കോടതിയിലാണ് കേസ് നൽകിയത്. ജയ്‌മോൻ ലാലുവിന്റെ പ്രേരണയിലാണ് പരാതിക്കാരി കേസ് നൽകിയതെന്നും കെട്ടി ചമച്ചത് ആണെന്നും വ്യക്തമായതോടെ കേസ് തള്ളി. കേസ് നൽകാൻ പ്രേരിപ്പിച്ചത് പി സി ജോർജ് ആണെന്ന് ജെയ്‌മോൻ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.