സ്പെഷല്‍ ക്ലാസെന്ന വ്യാജേന വിളിച്ചുവരുത്തി വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; തൃശൂരില്‍ അധ്യാപകന്‍ അറസ്റ്റില്‍
സ്പെഷ്യൽ ക്ലാസ് എടുക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
![School teacher arrested for sexual molesting student School teacher arrested for sexual molesting student](https://static-gi.asianetnews.com/images/01gdk054nyr2v0kb3xsp7b9rcn/pocso_363x203xt.jpg)
തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടിൽ അബ്ദുൽ ഖയ്യും ആണ് അറസ്റ്റിലായത്. സ്പെഷ്യൽ ക്ലാസ് എടുക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ആറ് വയസുകാരിയായ കുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിലായിരുന്നു. കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. മൂന്നാഴ്ച മുമ്പാണ് സംഭവം. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഷദാബ് കേരളം വിട്ടിരുന്നു. അതേസമയം, വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ ഇന്നലെ അറസ്റ്റിലായിരുന്നു.
നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകന്‍ മറ്റു പെണ്‍കുട്ടികളെ സമാനരീതിയില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിങ് നടത്തിയേക്കും. ഇതിനിടെ അടിമാലി ഇടുക്കിയിലും പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.