'ശരണ്യ സെക്സ് ചാറ്റ് ചെയ്യും, കാണാൻ വിളിച്ച് വരുത്തും, കൈകാര്യം ചെയ്യാൻ കൂട്ടിന് ആളും'; ഹണി ട്രാപ്പ് ഇങ്ങനെ...
ചാറ്റ് സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുമെന്ന പേടിയിൽ അത് വരെ എല്ലാം സമ്മതിച്ച ഇടുക്കി സ്വദേശി മറ്റ് വഴികൾ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ശരമ്യയും കൂട്ടുകാരും ഹണിട്രാപ്പിൽ കുരുക്കിയത് നേരത്തെ തയ്യാറാക്കിയ പ്ലാൻ പ്രകാരമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഇൻസ്റ്റഗ്രാം വഴി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചുങ്കം ഫറോക്ക് സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്‍റെ പിടിയിലായത്.
യുവാവിനെ മുൻകൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികള്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലതവണ പണം തട്ടിയെടുത്തിട്ടും സെക്സ് ചാറ്റ് സ്ക്രീൻ ഷോട്ടുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ കൊച്ചിയിലേക്ക് ശരണ്യയും കൂട്ടുകാരനും വിളിച്ച് വരുത്തുകയായിരുന്നു. ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് നേരിൽ വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ തട്ടിപ്പ് രീതിയെന്ന് പെലീസ് അറിയിച്ചു.
ഇടുക്കി സ്വദേശിയായ പരാതിക്കാരന്‍റെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ് എത്തി. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ബന്ധം കൂടുതൽ അടുത്തതോടെ സെക്സ് ചാറ്റിലെത്തുകയും ചെയ്തു. ഇരുവരും നിരന്തരം ചാറ്റിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ശരണ്യ യുവാവിനോട് നേരിൽ കാണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി പള്ളിമുക്ക് ഭാഗത്തേക്കാണ് യുവാവിനെ ശരണ്യ വിളിച്ച് വരുത്തിയത്. താൻ ഒറ്റയ്ക്കാണെന്നാണ് ശരണ്യ യുവാവിനോട് പറഞ്ഞിരുനത്.
എന്നാൽ ഇടുക്കി സ്വദേശി എത്തുമ്പോള്‍ യുവതിക്കൊപ്പം അർജുൻ എന്ന ആൺ സുഹൃത്തും ഉണ്ടായിരുന്നു. ഇവിടെ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം എടിഎം കാർഡും പിൻ നന്പറും സ്വന്തമാക്കി. ബാങ്കിൽ നിന്ന് 45,00 രൂപ പിൻവലിച്ചു. വീണ്ടും അർജുൻ യുവാവിനെ വിളിച്ച് ഫോൺ വഴി 2000 രൂപ വാങ്ങി. പിന്നെയും നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ സെക്സ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പേടിച്ച് പത്മ ജംഗ്ഷനിൽ എത്തിയ യുവാവിൽ നിന്ന് 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങിയെടുത്തു സംഘം മുങ്ങി.
എന്നിട്ടും വിട്ടില്ല, പിന്നെയും യുവാവിന് ഫോണ്‍ വിളിയെത്തി. 25,000 രൂപ തരണമെന്നായിരുന്നു പിന്നെ ഭീഷണി. ചാറ്റ് സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുമെന്ന പേടിയിൽ അത് വരെ എല്ലാം സമ്മതിച്ച ഇടുക്കി സ്വദേശി മറ്റ് വഴികൾ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവാവിന്‍റെ പരാതിയിൽ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.