ദില്ലിക്കാരുടെ പേടിസ്വപ്നമായി പിടിച്ചുപറിയും മോഷണവും കൊലപാതകവും
- പേടി സ്വപ്നമായി പിടിച്ചുപറിയും മോഷണവും കൊലപാതവും
- പ്രതികളെ പിടികൂടാനാകാതെ പൊലീസ്
- ജഡ്ജിമാര്‍ക്ക് നേരെ വരെ ആക്രമണങ്ങളും കവര്‍ച്ചയും
- ആരാണെന്നോ എന്താണെന്നോ അറിയാതെ കേസുകള്‍
ദില്ലി: പിടിച്ചുപറിയും മോഷണവും കൊലപാതകവും ദില്ലിക്കാരുടെ പേടിസ്വപ്നമാകുന്നു. കഴിഞ്ഞ ദിവസം വനിതാ ജഡ്ജിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ അടിച്ച് തകര്‍ത്ത് പണവും ആഭരണവും കവര്‍ന്നു. ഈ സപ്തംബര്‍ മാസം മാത്രം 420 പിടിച്ചുപറിയും 40 കൊലപാതകവും 450 തട്ടിക്കൊണ്ടുപോകലുമാണ് ദില്ലി നഗരത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
ബൈക്കിലെത്തുന്ന മോഷ്ടാക്കളെ ചെറുത്ത് തോല്‍പിക്കാന്‍ ശ്രമിച്ചാല്‍ വെടിവെച്ചുവീഴ്ത്തും. ഒന്നും രണ്ടുമല്ല. ദില്ലി നഗരത്തില്‍ ഈ സപ്തംബര്‍ മാസത്തെ കണക്ക് കേട്ടാല്‍ ഭീകരത വ്യക്തമാകും. 130 കവർച്ച, 420 പിടിച്ചുപറി, 40 കൊലപാതകം. 200 സ്ത്രീപീഡനം, 450 തട്ടിക്കൊണ്ടുപോകൽ, 200 ഭവനഭേദനം, 3400 വാഹനമോഷണം, പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കല്‍. ഇതില്‍ പ്രതികളെ പിടികൂടുന്നതോ, വിരലിലെണ്ണാവുന്നത് മാത്രം. പേടിയാണ്, ദില്ലി നഗരത്തിലെത്തുന്നവര്‍ക്ക്.
ഇരുചക്രവാഹനത്തിലെത്തിയ മോഷണസംഘം കഴിഞ്ഞ ദിവസം മാല പൊട്ടിച്ചെടുത്തപ്പോള്‍ പ്രതിരോധിക്കാന്‍ നോക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റത് ദില്ലി നഗരമധ്യത്തിലാണ്. വനിത ജഡ്ജിയുടെ കാർ തടഞ്ഞു നിർത്തി അടിച്ച് തകര്‍ത്താണ് പണവും ബാഗും കവർന്നത്. മറ്റ് കേസുകളെ പോലെ ഈ കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലീസിനാകുന്നില്ല.
ഫോണില്‍ സംസാരിച്ച് പോകുമ്പോഴും പോക്കറ്റില്‍ നിന്നും കണ്‍മുന്നില്‍ വെച്ചാണ് ഫോണുകള്‍ തട്ടിയെടുത്ത് കൊള്ളസംഘം രക്ഷപ്പെടുന്നത്. ഈ മോഷ്ടാക്കളൊക്കെ എവിടെ നിന്ന് വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ പോലീസിന് ഒരു നിശ്ചയവുമില്ല. നൂറുകണക്കിന് ക്യാമറകള്‍ നഗരത്തിന്‍റെ പല ഭാഗത്തും സ്ഥാപിച്ചതല്ലാതെ അതില്‍ പതിയുന്ന പ്രതികളെക്കുറിച്ച് ഒരു സൂചനയും കിട്ടാതെ പല കേസുകളിലും ഇരുട്ടില്‍ത്തപ്പുകയാണ് ദില്ലി പോലീസ്.