Ragging : കട്ടപ്പന ജെപിഎം കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ റാഗിങ്ങ്; പരാതി നൽകിയപ്പോൾ വീണ്ടും മർദ്ദനം
കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ സീനിയര്‍ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മര്‍ദ്ദിച്ചതായും പരാതി.
ഇടുക്കി: കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ സീനിയര്‍ വിദ്യാർത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മര്‍ദ്ദിച്ചതായും പരാതി. ഇടുക്കി കട്ടപ്പന ജെപിഎം കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദുവിന് നേരെയാണ് അതിക്രമം. റാഗിംഗ് പരാതി കോളേജ് അധികൃതര്‍ ഒതുക്കിതീര്‍ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്
കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികൾ നന്ദു ഉൾപ്പെടുയുള്ളവരെ റാഗ് ചെയ്തെന്നാണ് ആരോപണം. ഉടനെ കോളേജ് അധികൃതര്‍ക്ക് ജൂനിയര്‍ വിദ്യാര്‍ത്ഥികൾ പരാതി നൽകി. ഇതിൽ പ്രകോപിതരായ സീനിയര്‍ വിദ്യാർത്ഥികൾ ഇവരെ കാമ്പസിലിട്ട് ആക്രമിച്ചു.
പൊലീസിനെ വിളിച്ചുവരുത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അവിടെയും തീര്‍ന്നില്ല. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നന്ദുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഇരുപതോളം പേര്‍ മര്‍ദ്ദിച്ചു. അക്രമി സംഘത്തിൽ കോളേജിന് പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു.
മര്‍ദ്ദനത്തിൽ സാരമായി പരിക്കേറ്റ നന്ദു നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നന്ദുവിന്റെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം കോളേജിന് അകത്ത് നടന്ന പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നെന്നും പുറത്തെ സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമാണ് ജെപിഎം കോളേജ് അധികൃതരുടെ വിശദീകരണം.