'ബാങ്ക് അക്കൗണ്ടിന് 3,000 പ്രതിഫലം'; വൻ കുരുക്കിൽ വിദ്യാർഥികൾ, അന്വേഷിച്ചെത്തിയത് രാജസ്ഥാൻ, ബംഗാൾ പൊലീസുകാർ

അതോടെയാണ് രാജസ്ഥാനിലെ കോട്ട പൊലീസ് കോഴിക്കോട്ടെത്തിയത്. അപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Probe on online banking fraud in Kozhikode joy

കോഴിക്കോട്: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനായി മലയാളി വിദ്യാര്‍ത്ഥികളെ കരുവാക്കി അന്തര്‍ സംസ്ഥാന സംഘങ്ങള്‍. കോഴിക്കോട് സ്വദേശികളായ നാല് വിദ്യാര്‍ഥികളുടെ അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. എളേറ്റില്‍ വട്ടോളി സ്വദേശികളായ ഐടിഐ വിദ്യാര്‍ത്ഥികള്‍ ഐസിഐസിഐ ബാങ്കിന്റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകള്‍ വഴിയാണ് 24 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതാകട്ടെ രാജസ്ഥാന്‍ പൊലീസും.

പുതിയൊരു സന്നദ്ധ സംഘടനയുടെ സാമ്പത്തിക ഇടപാടിനായാണ് അക്കൗണ്ടെന്നും സംഘടനയില്‍ ജോലി കിട്ടുമെന്നും പറഞ്ഞാണ് വട്ടോളി സ്വദേശിയായ യുവാവ് സമീപവാസികളായ നാലു പേരോടും ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ആവശ്യപ്പെട്ടത്. അക്കൗണ്ട് എടുത്ത് നല്‍കിയതിന് പ്രതിഫലമായി വിദ്യാര്‍ഥികള്‍ക്ക് മൂവായിരം രൂപയും നല്‍കി. എന്നാല്‍ പിന്നീടാണ്, ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. ഇതോടെയാണ് രാജസ്ഥാനിലെ കോട്ട പൊലീസ് കോഴിക്കോട്ടെത്തിയത്. അപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്നും അന്വേഷണത്തിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ നോട്ടീസ് കിട്ടി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് കോടികളുടെ ഇടപാട് അക്കൗണ്ടുകള്‍ വഴി നടന്ന കാര്യം അറിഞ്ഞതെന്ന് വിദ്യാര്‍ഥി പറയുന്നു. തട്ടിപ്പിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളില്‍ ഒരാളുടെ അക്കൗണ്ട് ഐസിഐസിഐ ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുന്നതായി താമരശേരി ഡിവൈഎസ്പി അറിയിച്ചു.

  '30,000 ശമ്പളം, വര്‍ക്ക് ഫ്രം ഹോം' ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 44കാരന്‍ പിടിയില്‍  
 

Latest Videos
Follow Us:
Download App:
  • android
  • ios