മയക്കുമരുന്ന് കടത്തിന് ഡ്രോൺ, വെടിവച്ചിട്ട് പൊലീസ്, 5 കിലോ ഹെറോയിൻ കണ്ടെടുത്തു; പ്രതികൾ പിടിയിൽ
ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന കടത്താൻ ശ്രമിച്ച രണ്ട് പേരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദില്ലി: രാജ്യത്തെ മയക്കുമരുന്ന് കടത്തിന് ഡ്രോൺ ഉപയോഗിക്കുന്ന സംഘങ്ങളുടെ എണ്ണം കൂടിവരികയാണ്. എന്നാൽ പൊലീസിന്‍റെയും സുരക്ഷാ സേനയുടെ അതീവ ശ്രദ്ധയിൽ പലപ്പോഴും മയക്കുമരുന്ന് കടത്തുന്ന ഡ്രോണുകൾ പിടിക്കപ്പെടാറുണ്ട്. ഇത്തരത്തിൽ ഏറ്റവും പുതിയ വാർത്തയാണ് പഞ്ചാബിൽ നിന്ന് പുറത്തുവരുന്നത്. പഞ്ചാബിലെ അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ പൊലീസ് വെടി വെച്ചിട്ടു. 5 കിലോ ഹെറോയിനാണ് പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. മയക്കുമരുത്ത് കടത്ത് പിടിക്കപ്പെട്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന കടത്താൻ ശ്രമിച്ച രണ്ട് പേരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കേരളത്തിൽ പാലക്കാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 11.5 ഗ്രാം മാരക മയക്കുമരുന്നായ മെത്താ൦ഫിറ്റമീനു൦ 3.26 കിലോ കഞ്ചാവും പിടിച്ചെടുത്തു എന്നതാണ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ആ൪ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവു൦ എക്സൈസ് എ൯ഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതിയെ പിടികൂടിയത്. 11.5 ഗ്രാം മാരകമയക്കുമരുന്നായ മെത്താ൦ഫിറ്റമീനുമായി പത്തനംതിട്ട വാഴമറ്റം സ്വദേശി അക്ഷയ് (20) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പരിശോധനയിലാണ് ഈറോഡ് - പാലക്കാട് ടൗൺ പാസ്സെഞ്ചർ ട്രെയിനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.26 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഈ കേസിൽ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് ആ൪ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവു൦ എക്സൈസ് എ൯ഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും അറിയിച്ചു.