ശരീരം 22 കഷ്ണങ്ങളാക്കി മുറിച്ചു, നാലരയടി താഴ്ചയിൽ കുഴിച്ചിട്ടു, മുകളിൽ മഞ്ഞൾ ചെടി, ഉപ്പും; എല്ലാം കണ്ടെടുത്തു
പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാനിയിട്ടില്ല. ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ
പത്തനംതിട്ട: കേരളം ഞെട്ടിയ ഇലന്തൂരിലെ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നരബലിക്ക് ഇരയാക്കിയ രണ്ട് സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കലായിരുന്നു പൊലീസിനെ സംബന്ധിച്ചടുത്തോളം ആദ്യം വെല്ലുവിളിയായത്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങളും ലഭിച്ചത്. ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.
അതേസമയം നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാനിയിട്ടില്ല. ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്. കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടതെന്നും അത് അമ്മയാണെന്ന് ഉറപ്പിക്കാൻ നിലവിൽ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകൻ ശെൽവരാജ് പറഞ്ഞത്. ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നാണ് പൊലീസ് മൃതദേഹം സ്ഥിരീകരിക്കാൻ ശ്രമം നടത്തിയത്. ശരീരാവശിഷ്ടങ്ങൾ പത്മയുടേതെന്നും റോസിലിന്‍റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണ്. ഡി എൻ എ പരിശോധന അടക്കമുള്ള മാർഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് ഉറപ്പിക്കുക.