പത്താം ക്ലാസ് പോലും വിദ്യാഭ്യാസമില്ല; പാരമ്പര്യ വൈദ്യൻ ചമഞ്ഞ് പൈൽസിന് ചികിത്സ, ഒടുവില്‍ പിടിയിൽ
പശ്ചിമബംഗാൾ സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബർ ശസ്ത്രക്രിയ വരെ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
കൊച്ചി: എറണാകുളത്ത് പാരമ്പര്യ വൈദ്യൻ ചമഞ്ഞ് പൈൽസിന് ചികിത്സ നടത്തിവരികയായിരുന്ന പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. പത്താം ക്ലാസ് വിദ്യാഭ്യാസം പോലുമില്ലാത്ത ദിഗംബർ ശസ്ത്രക്രിയ വരെ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് മട്ടുമ്മലിൽ എത്തിയ തേവര പൊലീസ് സംഘം ഞെട്ടിപ്പോയി. എംബിബിഎസ് ഡോക്ടറുടെ ക്ലിനിക്ക് കണക്കെയായിരുന്നു 'സെറ്റപ്പ്'. അലോപ്പതി മരുന്നുകൾക്കൊപ്പം ഡോക്ടറുടെ നെയിംബോർഡും ഉണ്ടായിരുന്നു. ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം മനസിലായത്. പൈൽസിന് ചികിത്സ നടത്തിവരികയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ദിഗംബർ പത്താം ക്ലാസുപോലും പഠിച്ചിട്ടില്ല.
നാട്ടിൽ പാരമ്പര്യ ചികിത്സ നടത്തുന്ന കുടുംബത്തിൽ പെട്ടയാളാണ്. രോഗികളെത്തിയാൽ ചികിത്സിക്കും മുമ്പ് പശ്ചിമ ബംഗാളിലെ ഗുരുവിനെ വിളിക്ക് രോഗ ലക്ഷണങ്ങൾ പറഞ്ഞുകൊടുക്കും. ഗുരുവിന്റെ നിർദ്ദേശ പ്രകാരമാണ് പിന്നീടുള്ള ചികിത്സ. പാരമ്പര്യ മരുന്നുകൾക്കൊപ്പം ഓണ്‍ലൈനിൽ വരുത്തുന്ന അലോപതി മരുന്നുകളും രോഗികൾക്ക് നൽകുന്നുണ്ടായിരുന്നു. ആന്‍റിബയോട്ടിക് ഗുളികകളടക്കം ദിഗംബർ ചികിത്സക്ക് എത്തുന്നവർക്ക് എഴുതി നൽകാറുണ്ട്. അവിടെയും തീർന്നില്ല, ഡോക്ടറുടെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനായി കൊച്ചിയിലെ ഒരു സുഹൃത്തിന് ഇയാൾ പണം നൽകി കാത്തിരിക്കുകയായിരുന്നു കക്ഷി. 38 വയസുള്ള ദിഗംബർ മാസങ്ങളായി മട്ടുമ്മലിൽ ക്ലിനിക് നടത്തി വരികയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.