രജിസ്ട്രാർ ഓഫീസിലെത്തിയപ്പോഴും പണം വാങ്ങി; ശേഷം 'അശ്വതി അച്ചു' ഫോട്ടോയെടുത്ത് വരാമെന്ന് പറഞ്ഞ് മുങ്ങി, ഒടുവിൽ!
ഹണിട്രാപ്പ് കേസുകളിൽപ്പെട്ട അശ്വതി അച്ചുവിനെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തതത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നും 40000 രൂപയാണ് അശ്വതി തട്ടിയെടുത്തത്.
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകിയ വൃദ്ധനിൽ നിന്നും പണം തട്ടിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹണിട്രാപ്പ് കേസുകളിൽപ്പെട്ട അശ്വതി അച്ചുവിനെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തതത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നും 40000 രൂപയാണ് അശ്വതി തട്ടിയെടുത്തത്.
ഭാര്യ മരിച്ച ശേഷം ഭിന്നിശേഷികാരിയായ മകളെ സംരക്ഷിക്കാനാണ് 68 കാരൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഒരു സുഹൃത്തുവഴിയാണ് അശ്വതിയുടെ ആലോചനയെത്തുന്നത്. വിവാഹ ചെലവുകള്‍ക്കെന്ന പേരില്‍ അശ്വാതി ആദ്യം കുറച്ചു പണം വാങ്ങി. രജിസ്ട്രേഷനായ പൂവ്വാർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയപ്പോള്‍ വീണ്ടും പണം ചോദിച്ചു. ഇതിന് ശേഷം ഫോട്ടോയെടുത്തവരാമെന്ന് പറഞ്ഞാണ് അശ്വതി മുങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.
വൃദ്ധന്‍റെ പരാതിയെ തുടർന്ന് അശ്വതിയെ കുറച്ച് നാള്‍ മുമ്പ് മൊഴിയെടുക്കാൻ പൊലീസ് വിളിച്ചിരുന്നു. 1000രൂപ മാത്രം കടം വാങ്ങിയെന്നായിരുന്നു അശ്വതി അച്ചുവിന്‍റെ മൊഴി. എന്നാൽ പൂവാർ പൊലീസ് അന്വേഷണം തുടരുന്നു. വൃദ്ധൻ പണം പിൻവലിച്ചതിന്‍റെയും പണം കൈമാറിയതിന്‍റെയും രേഖകള്‍ ശേഖരിക്കുകയും സാക്ഷികളും മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരൻ പറഞ്ഞ സ്ഥലത്തെല്ലാം അശ്വതി എത്തിരുന്നതിന്‍റെ ഫോണ്‍ രേഖകളും പൊലിസ് ശേഖരിച്ചു. ഇതോടെ അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി ഹണിട്രാപ്പ് പരാതികളുണ്ടായിരുന്നുവെങ്കിലും അശ്വതിയെ ആദ്യമായാണ് അറസ്റ്റിലാകുന്നത്. പൊലീസുകാരാണ് അശ്വതിയുടെ കെണിയിൽ വീഴുന്നതിൽ അധികവും. ചതിയിൽപ്പെട്ട് പരാതി നൽകിയ പൊലീസുകാർക്കെതിരെ അശ്വതി പീഢനപരാതി നൽകും. ഇതോടെ പരാതി പിൻവലിച്ച് പൊലിസുകാർ ഒത്തുതീർപ്പുമുണ്ടാക്കും. അല്ലെങ്കിൽ അന്വേഷണവുമായി സഹരിക്കാതെ മുങ്ങി നടക്കും. ഇങ്ങനെ പൊലിസുകാരും രാഷ്ട്രീയക്കാരുമൊക്കെയുണ്ട് ഹണിട്രാപ്പിൽപ്പെട്ടവരുടെ പട്ടികയിൽ.