തിരുവനന്തപുരം അഞ്ചുതെങ്ങിൽ വാഹന പരിശോധനക്കിടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ കയ്യാങ്കളി
പൊലീസുകാർ അകാരണമായി മത്സ്യതൊഴിലാളികളെ മർദ്ദിക്കുകയായിരുന്നുവെന്ന് സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷൻ. ബൈക്ക് യാത്രക്കാർ കല്ലുകൊണ്ട് ഇടിച്ചുവെന്ന് പൊലീസ്.
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ വാഹന പരിശോധനയ്ക്കിടെ മത്സ്യതൊഴിലാളികളും സ്ഥലം എസ്ഐയും തമ്മിൽ കൈയാങ്കളി. പരിക്കേറ്റ എസ്ഐയും മത്സ്യതൊഴിലാളികളും ചികിത്സ തേടി. എന്നാൽ പൊലീസുകാർ അകാരണമായി മത്സ്യതൊഴിലാളികളെ മർദ്ദിക്കുകയായിരുന്നുവെന്ന സ്വതന്ത്രമത്സ്യതൊഴിലാളി ഫെഡറേഷൻ പറഞ്ഞു.
ഇന്നലെ രാത്രിയിലാണ് അഞ്ചുതെങ്ങിൽ വച്ച് എസ്ഐ പ്രൈജുവും രണ്ടു മത്സ്യതൊഴിലാളികളും തമ്മിൽ വാക്കേറ്റവും തമ്മിലടിയുമുണ്ടായത്. ബൈക്കിലെത്തിയ ആബേൽ, സെബാസ്റ്റ്യൻ എന്നിവരോട് വാഹനത്തിന്‍റെ രേഖകൾ ചോദിച്ചു. മുഴുവൻ രേഖകളും നൽകാത്തിനാൽ എസ്ഐ പിഴ നൽകാൻ പറഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിൽ അവസാനിച്ചു. എസ്ഐക്കും വാഹനത്തിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. അകാരണമായി മത്സ്യത്തൊഴിലാളികളെ എസ്ഐ അടിച്ചുവെന്നാണ് സ്വതന്ത്ര മത്സ്യതൊഴിലാളുകളുടെ ആരോപണം. പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ ചികിത്സയിലാണ്.
പരിക്കേറ്റ എസ്ഐ ഇന്നലെ രാത്രി തന്നെ ചികിത്സ തേടിയിരുന്നു. ബൈക്ക് യാത്രക്കാർ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. രേഖകള്‍ കാണിക്കാതെ പൊലീസിനെ ആക്രമിച്ചുവെന്നും പറയുന്നു. പൊലീസിനെ ആക്രമിച്ചതിന് രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.