ന്യുമോണിയ മാറാൻ 51 തവണ ഇരുമ്പ് ദണ്ഡു കൊണ്ട് കുത്തി; മന്ത്രവാദത്തെ തുടർന്ന് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് ദാരുണ സംഭവമുണ്ടായത്.
ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രവാദത്തിനിരയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ശാദോളിലാണ് സംഭവം. ന്യൂമോണിയ അസുഖം വന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. 51 തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് വയറിൽ കുത്തി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ പിന്നീട് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. സംസ്കരിച്ചതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റുമോർട്ടം നടത്തും.
ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്! മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസ്
മന്ത്രവാദത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിലാണ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് ജീവൻ നഷ്ടമായത്. ന്യൂമോണിയ ബാധിച്ച കുഞ്ഞിനെ അസുഖം മാറാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നു. സംഭവം അംഗൻവാടി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളലേറ്റതോടെ കുഞ്ഞിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായി രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണ് പിഞ്ചുകുഞ്ഞിലും പ്രയോഗിച്ചത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പൊള്ളിച്ചാൽ ന്യുമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം. സംഭവത്തിൽ മധ്യപ്രദേശ് ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.