Asianet News MalayalamAsianet News Malayalam

അലൻവാക്കറുടെ പരിപാടിക്കിടെ അടിച്ച് മാറ്റിയ ഫോണുകൾ ദില്ലിയിലെ ചോർ ബസാറിൽ

ഉത്തരേന്ത്യൻ സംഘം മോഷ്ടിച്ച 34 വിലകൂടിയ ഫോണുകൾ ഇതിനോടകം സംസ്ഥാന അതിർത്തി വിട്ടതായാണ് പൊലീസ് വിശദമാക്കിയത്. ഇവയിൽ ചില ഫോണുകൾ ദില്ലിയിലെ കുപ്രസിദ്ധമായ ചോർ ബസാറിൽ എത്തിയതായാണ് പുതിയ വിവരം

Phones stolen during Alan Walker concert kochi in delhi Chor Bazaar
Author
First Published Oct 12, 2024, 10:50 AM IST | Last Updated Oct 12, 2024, 10:50 AM IST

കൊച്ചി: അലൻ വാക്കറുടെ പരിപാടിക്കിടെ വൻ ആസൂത്രണത്തോടെ അടിച്ച് മാറ്റിയ ലക്ഷങ്ങൾ വില വരുന്ന ഫോണുകൾ എത്തിയത് ദില്ലിയിലെ ചോർ ബസാറിൽ. നഷ്ടമായ മൂന്ന് ഐ ഫോണുകളിൽ നിന്ന് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഫോണുകൾ വിൽക്കാനുള്ള മോഷണ സംഘത്തിന്റെ ശ്രമത്തിടയിലാണ് ഫോണിൽ നിന്നുള്ള വിവരം പൊലീസിന് ലഭിച്ചത്. വലിയ രീതിയിലുള്ള മോഷണത്തിന് പിന്നിൽ ദില്ലിയിലെ സംഘം ആണെന്ന്  നേരത്തെ കണ്ടെത്തിയിരുന്നു. അന്വേഷണസംഘം ഉടൻ ദില്ലിയിലെത്തുമെന്നാണ് വിവരം. 

ഒന്നരലക്ഷത്തോളം വിലമതിക്കുന്ന 34 ഫോണുകള്‍ ആണ് അലൻ വാക്കറുടെ സംഗീത നിശയ്ക്കിടെ ഉത്തരേന്ത്യൻ സംഘം മോഷ്ടിച്ച് മുങ്ങിയത്. പതിനായിരത്തോളം പേര്‍ പങ്കെടുത്ത മെഗാ ഡിജെ ഷോ, സ്റ്റേജില്‍ അലന്‍ വാക്കര്‍ സംഗീതത്തിന്‍റെ ലഹരി പടര്‍ത്തുമ്പോഴാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ സിനിമാ സ്റ്റൈലിലുള്ള വന്‍ കവര്‍ച്ച നടന്നത്. കാണികള്‍ക്കിടയിലേക്ക് കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം നുഴഞ്ഞുകയറി. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കിനിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.

അതില്‍ 60,000 രൂപയില്‍ കുറഞ്ഞ ഫോണുകള്‍ ഒന്നുമില്ല, ഒന്നരക്ഷംവരെയാണ് മോഷണം പോയ ചില മൊബൈല്‍ ഫോണുകളുടെ വില. ഫോണ്‍ നഷ്ടമായവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഉത്തരേന്ത്യന്‍ കവര്‍ച്ച സംഘത്തിലേക്ക് സംശയം നീളുന്നത്. പലരുടെയും ഫോണുകള്‍ സംസ്ഥാനം വിട്ടതായി ഫോണിൽ നിന്ന് ലഭ്യമാകുന്ന ട്രാക്കിംഗ് അടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമായിരുന്നു. സംഗീതപരിപാടി നടക്കുന്നിടത്തെ ഇരുണ്ട വെളിച്ചവും ഡ്രോൺ ഷോയും ഒക്കെയാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തുമ്പും  തെളിവും കണ്ടെത്തുന്നതിന് പൊലീസിന് വെല്ലുവിളിയാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios