പള്ളിക്കുള്ളിൽ ലഹരി വ്യാപാരവുമായി പാസ്റ്റർ, രഹസ്യവിവരവുമായി വിശ്വാസി, അറസ്റ്റ്
ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തി വയ്ക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്
കണക്ടികട്ട്: പള്ളിക്കുള്ളിൽ ലഹരി വസ്തു ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്ത പാസ്റ്റർ അറസ്റ്റിൽ. മെത്ത് വിഭാഗത്തിലെ ലഹരി വസ്തു കൈവശം വയ്ക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തതിനാണ് 63കാരനായ പാസ്റ്റർ പിടിയിലായിരിക്കുന്നത്. അമേരിക്കയിലെ കണക്ടികട്ട് എന്ന സ്ഥലത്തെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവംയ വെള്ളിയാഴ്ചയാണ് പള്ളിയിലെ ലഹരി ഉപയോഗത്തേക്കുറിച്ച് ഇടവക അംഗങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിക്കുന്നത്.
ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയതും പാസ്റ്റർ അറസ്റ്റിലായതും. ബ്രേക്കിംഗ് ബാഡ് എന്ന വെബ് സീരീസിനെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള സംഭവങ്ങളാണ് പള്ളിയിൽ നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെബ് സീരിസിലെ വാൾട്ടറിനോട് സാമ്യം തോന്നുന്ന ശരീര പ്രകൃതിയാണ് അറസ്റ്റിലായ പാസ്റ്റർ ഹെർബർട്ട് മില്ലർക്കുള്ളത്. ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തി വയ്ക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്.
പള്ളിക്കുള്ളിൽ വച്ച് സ്വവർഗാനുരാഗികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കാനും പാസ്റ്റർ മെത്ത് ഉപയോഗിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ ആരോപണം പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എത്ര കാലമായി പാസ്റ്റർ ലഹരി വ്യാപാരം ചെയ്യുന്നുവെന്നത് ഇനിയും വ്യക്തമല്ല.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഹെർബർട്ട് മില്ലർ ഈ പള്ളിയുടെ ചുമതലയിലേക്ക് എത്തുന്നത്. അറസ്റ്റിന് പിന്നാലെ ഇയാളെ പള്ളിയുടെ ഔദ്യോഗിക പദവിയിൽ നിന്നെല്ലാം നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ ഷെൽട്ടണ്‍ എന്ന സ്ഥലത്തെ മെത്തോഡിസ്റ്റ് പള്ളിയിലെ പാസ്റ്ററായിരുന്നു ഹെർബർട്ട് മില്ലർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം