ആ മുഖംകണ്ട് അമ്മയും അച്ഛനും അലറിക്കരഞ്ഞു ; മൂന്നു വയസുകാരന്‍റെ സംസ്കാരം നടത്തിയത് നാട്ടുകാർ
" അവസാനമായി ആ മുഖം കാണാന്‍ അമ്മയെയും അച്ഛനെയും പോലീസ് അനുവദിച്ചു. മെഡിക്കല്‍കോളേജ് മോർച്ചറിയിലേക്ക് കയറി അല്‍സമയത്തിനകം ഇരുവരും അലറിക്കരയുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാമായിരുന്നു. " വാർത്ത റിപ്പോർട്ട് ചെയ്ത വൈശാഖ് ആര്യൻ കണ്ടതും കേട്ടതും
ആലുവയിൽ അമ്മയുടെ ക്രൂരമർദനത്തിനിരയായി മരിച്ച മൂന്നുവയസുകാരന്‍റെ മൃതദേഹം ഇന്ന് സംസ്കരിച്ചു. സംരക്ഷിക്കേണ്ടവരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായ ഒരു കുരുന്ന് കൂടി. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി വൈശാഖ് ആര്യൻ ആ ആശുപത്രി മോർച്ചറിക്ക് മുമ്പിൽ കണ്ടതും കേട്ടതും...
ഇന്നലെ പോസ്റ്റ്‍മോർട്ടം നടപടികള്‍ക്ക് ശേഷം കളമശേരി മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ച മൃതദേഹം ഇന്നാണ് സംസ്കരിച്ചത്. അവസാനമായി ആമുഖം കാണാന്‍ അമ്മയെയും അച്ഛനെയും പോലീസ് അനുവദിച്ചു. മെഡിക്കല്‍കോളേജ് മോർച്ചറിയിലേക്ക് കയറി അല്‍സമയത്തിനകം ഇരുവരും അലറിക്കരയുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാമായിരുന്നു. അധികം വൈകാതെ പോലീസുകാർ ഇരുവരെയും തിരിച്ച് കൊണ്ടുപോയി. തേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന അച്ഛനെ പിന്നീട് മയ്യത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനും പോലീസ് അനുവദിച്ചു.
സംസ്കാരം നടത്തിയത് നാട്ടുകാർ
ജാർഖണ്ഡ് സ്വദേശിയായ അമ്മയുടെയും ബംഗാള്‍ സ്വദേശിയായ അച്ഛന്‍റെയും ബന്ധുക്കളെ കണ്ടെത്തുകയാണെങ്കില്‍ മൃതദേഹം അവർക്ക് വിട്ടുനല്‍കാനായിരുന്നു തീരുമാനം, പക്ഷേ രണ്ട് ദിവസമായി പ്രത്യേക സംഘം രണ്ട് സംസ്ഥാനത്തും നടത്തിയ അന്വേഷണത്തില്‍ ആരെയും കണ്ടെത്താനായില്ല. പക്ഷേ ഇരുവരും നിയമപ്രകാരം വിവാഹം കഴിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്ത മാര്യേജ് സർട്ടിഫിക്കറ്റ് പോലീസിന് ലഭിച്ചിട്ടുണ്ട്.
കളമശേരി പാലയ്ക്കാമുകള്‍ ജുമാ മസ്ജിദില്‍ നാട്ടുകാരാണ് സംസ്കാര ചടങ്ങുകള് നടത്തിയത്. മതാചാര പ്രകാരമാണ് ഖബറടക്കിയത്. കുട്ടിയുടെ അച്ഛന് മയ്യത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനും പോലീസ് സൗകര്യമൊരുക്കി.
അച്ഛനും അഴിയെണ്ണും
കുട്ടിക്ക് അപകടം പറ്റുന്ന സമയത്ത് താന്‍ വീട്ടില്‍ ഉറങ്ങുകയാണെന്നാണ് അച്ഛന്‍ പോലീസിനോട് പറഞ്ഞ മൊഴി. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അടുക്കളയിലെ സ്ലാബിന് മുകളില്‍നിന്നും തലയടിച്ച് വീണതാണെന്നും ആശുപത്രി അധികൃതരോട് ഇയാള്‍ കള്ളം പറഞ്ഞു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് കുഞ്ഞ് ക്രൂരമർദനത്തിനിരയായിട്ടുണ്ടെന്ന വിവരം ഇയാള്‍ പോലീസിനോട് സമ്മതിച്ചത്. അതുകൊണ്ടുതന്നെ കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനടക്കം കേസില്‍ ഇയാളെയും പോലീസ് പ്രതിചേർത്തിട്ടുണ്ട്. അറസ്റ്റും രേഖപ്പെടുത്തി. ഇന്ന്തന്നെ ഇയാളെ കോടതിയിൽ കോടതിയില്‍ ഹാജരാക്കും.