അഡ്വ. അനീഷ്യയുടെ ആത്മഹത്യ; പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും എ.പി.പിയും അറസ്റ്റിൽ
പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
കൊല്ലം: കൊല്ലം പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. എസ്. അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി അബ്ദുൾ ജലീൽ, എ പി പി ശ്യാം കൃഷ്ണ എന്നിവരെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
മേലുദ്യോഗസ്ഥന്‍റെ ജോലി സമ്മർദ്ദവും അവഗണനയും സഹപ്രവർത്തകന്‍റെ പരിഹാസവും താങ്ങാനാകാതെയാണ് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തെന്നായിരുന്നു കേസ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ജനുവരി 22ന് ആണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയിൽ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസിക പീഡനം കാരണം ജീവിതം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ഡയറിയിൽ അനീഷ്യ വ്യക്തമാക്കിയിരുന്നത്.
തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ ആരോപിച്ചിരുന്നു.
Read More : ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു; വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെ അവധി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)