അന്യസംസ്ഥാന തൊഴിലാളിയുടെ മരണം: കൊലപാതകമെന്ന് സംശയം; മൂന്നപേര്‍ കസ്റ്റഡിയില്‍
ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ നീണ്ടകര സ്വദേശികളായ മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കൊല്ലം: ചവറയിൽ അവശനിലയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ നോർത്ത് പർഗാനാസ് സ്വദേശി ശ്രീഹരി സായിയാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിൽ നീണ്ടകര സ്വദേശികളായ 3 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശ്രീഹരി സായ് എന്ന മുപ്പത്തിയെട്ടുകാരനാണ് കൊല്ലപ്പെട്ടത്. നീണ്ടകര സ്വദേശിയുടെ ബോട്ടിലെ തൊഴിലാളിയാണ് ശ്രീഹരി. കഴിഞ്ഞ ദിവസം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി മാമൻ തുരുത്തിൽ വെച്ച് മൂന്ന് പേർ ഇവരെ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ സംഘം ഇവരെ ക്രൂരമായി മർദിച്ചു.
മർദനമേറ്റ് അവശനായ ശ്രീഹരിയെ കടവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശക്തികുളങ്ങര പോലീസ് നടത്തിയ അന്വേഷണത്തിൽ നീണ്ടകര സ്വദേശികളായ മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് വൈകുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊലീസ് വിശദീകരണം.