ഓൺലൈൻ അധ്യാപികമാരെ അധിക്ഷേപിച്ചത് വിദ്യാർത്ഥികൾ: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകൾ പിടിച്ചെടുത്തു
സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്ത നാല് വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ സൈബർ പൊലീസ് പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതിൽ അധികവും വിദ്യാർത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചർ ആർമി എന്ന പേരിൽ സമൂഹ മാധ്യമത്തിൽ അക്കൗണ്ട് തുടങ്ങിയ നാല് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
സംഭവത്തിൽ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്ത നാല് വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ സൈബർ പൊലീസ് പരിശോധിക്കും. അധ്യാപികമാരെ അധിക്ഷേപിച്ച പല ഗ്രൂപ്പുകളുടെയും അഡ്മിന്മാർ വിദ്യാർത്ഥികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അതീവ രഹസ്യമായാണ് പൊലീസ് നടപടികൾ പുരോഗമിക്കുന്നത്.
ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് തൊട്ട് പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ട്രോളുകളും കമന്റുകളും അതിരുവിട്ടതോടെയാണ് കൈറ്റ് വിക്ടേഴ്സ് സിഇഒ അൻവർ സാദത്ത് എഡിജിപി മനോജ് എബ്രഹാമിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തത്.
അധ്യാപികമാരെ പരിഹസിച്ചത് സംസ്‌കാരശൂന്യരായ ചിലരാണെന്നും ഇത്തരക്കാർക്കെതിരെ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. അധ്യാപികമാർക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.