'30,000 ശമ്പളം, വര്‍ക്ക് ഫ്രം ഹോം' ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 44കാരന്‍ പിടിയില്‍

കഴിഞ്ഞ ദിവസം വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

One arrested on kochi job fraud case joy

കൊച്ചി: ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കൈക്കലാക്കി മുങ്ങിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊട്ടാരക്കര ചക്കവറക്കല്‍ പ്രീമിയര്‍ കാഷ്യു ഫാക്ടറിക്കു സമീപം നെടിയാകാല വീട്ടില്‍ അജി തോമസി(44)നെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മരോട്ടിച്ചുവട് സ്വദേശിയായ യുവാവിനെ ബന്ധുവിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് അജി തോമസ് ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് വിലിങ്ടണ്‍ ഐലാന്‍ഡിലെ സ്വകാര്യ കമ്പനിയില്‍ കോണ്‍ട്രാക്ട് എടുത്തിട്ടുണ്ടെന്നും അവിടെ വര്‍ക്ക് അറ്റ് ഹോം രീതിയില്‍ ഡാറ്റാ എന്‍ട്രി ജോലി ഒഴിവുണ്ടെന്നും അറിയിച്ചു. മാസം 30,000 രൂപ ശമ്പളമുണ്ടെന്നും വല്ലാര്‍പാടം പള്ളിക്ക് സമീപത്ത് ലാപ്‌ടോപ്പ് സഹിതം വരാനും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവാവ് സ്ഥലത്തെത്തി. തുടര്‍ന്ന് കമ്പനിയില്‍ പോയി സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് അരമണിക്കൂറിനുള്ളില്‍ വരാമെന്ന് വിശ്വസിപ്പിച്ച് ഫോണ്‍ നമ്പറും കൊടുത്തിട്ട് അജി തോമസ് സ്ഥലത്ത് നിന്ന് പോയി.

ഏറെ സമയം കഴിഞ്ഞിട്ടും അജിയെ കാണാതായതോടെ യുവാവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കമ്പനിയില്‍ ആണെന്നും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാളിങ് നടക്കുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ യുവാവ് മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്കമാലിയില്‍ വച്ച് അജിയെ പിടികൂടിയത്. ഇയാളുടെ കൈവശത്ത് നിന്ന് പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ലാപ്‌ടോപ്പ് കലൂരിലെ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.  

എറണാകുളം സെന്‍ട്രല്‍, എളമക്കര, കാലടി സ്റ്റേഷനുകളില്‍ അജി തോമസിനെതിരെ വഞ്ചന കുറ്റത്തിന് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മുളവുകാട് സി.ഐ മഞ്ജിത് ലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനേഖ്, എ.എസ്.എ ശ്യംകുമാര്‍, പൊലീസുകാരായ അലോഷ്യസ്, അമൃതേഷ്, തോമസ് ജോര്‍ജ്, സിബില്‍ ഭാസി, അരുണ്‍ ജോഷി, തോമസ് പോള്‍ എന്നിവരാണ് അജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  പുരാവസ്തു കേസിൽ ഇഡിക്ക് മുന്നിലേക്ക് വീണ്ടും സുധാകരൻ, നാളെ ചോദ്യംചെയ്യും 
 

Latest Videos
Follow Us:
Download App:
  • android
  • ios