ഓൺലൈൻ തട്ടിപ്പ് : മലയാളിയുടെ പരാതിയിൽ നൈജീരിയൻ സ്വദേശി പിടിയിൽ
21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
ദില്ലി : ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി റമൈൻഡ് ഉനീയയാണ് ദില്ലിയിൽ പിടിയിലായത്.
2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ് പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ് പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണം തട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതി ഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ് ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
മാരക മയക്കുമരുന്നായ എംഡിഎം എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. പുളിക്കലൊടി പുക്കാട്ടിരി അഭിരാജി(24)നെയാണ് കാളികാവ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോനും സംഘവും പിടികൂടിയത്. മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന് സമീപം വെച്ചാണ് നിരോധിത മയക്കുമരുന്നായ മൂന്ന് ഗ്രാം എം ഡി എം എയുമായി അഭിരാജ് പിടിയിലായത്.
പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പി അശോക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ലിജിന്‍, കെ ആബിദ്, എം സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ കെ നിമിഷ, ഡ്രൈവര്‍ സവാദ് നാലകത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.