മെഡിക്കൽകോളേജിൽ ആൾമാറാട്ടം, നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങൾ സിസിടിവിയിൽ, പിന്നാലെ പാഞ്ഞ് പൊലീസ്
ആശുപത്രി ജീവനക്കാരനെന്ന വ്യാജേന, കുത്തിവെപ്പ് എടുക്കാനെന്ന പേരിലാണ് മാതാപിതാക്കളുടെ കയ്യിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത്, കുട്ടിയെ കിട്ടിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്‍റെ പലതരത്തിലുള്ള വാർത്തകൾ ഇടയ്ക്ക് നമ്മൾ കാണാറുണ്ട്. എന്നാൽ ആശുപത്രിയിൽ ആൾമാറാട്ടം നടത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയെന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതുതായി പുറത്തുവരുന്നത്. ആശുപത്രി ജീവനക്കാരനെന്ന വ്യാജേന, കുത്തിവെപ്പ് എടുക്കാനെന്ന പേരിലാണ് മാതാപിതാക്കളുടെ കയ്യിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത്. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
കിത്തോറിലെ മഹൽവാല സ്വദേശികൾക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയെ തട്ടികൊണ്ടുപോയതാണെന്ന് മനസിലായതിന് പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകിയത് രക്ഷയായി. ആശുപത്രിയിലെ സി സി ടി വിയിൽ കുട്ടിയുമായി പ്രതി കടന്നുകളയുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞതോടെ അന്വേഷണം ത്വരിത വേഗത്തിൽ നീങ്ങി. പ്രതിക്ക് പിന്നാലെ പാഞ്ഞ പൊലീസ് അധികം വൈകാതെ തന്നെ കുട്ടിയെ വീണ്ടെടുത്ത് മാതാപിതാക്കൾക്ക് നൽകി.
കാമുകിയായ ജീവനക്കാരിയെ ഒഴിവാക്കാന്‍ മുതലാളി കൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി!
സംഭവം ഇങ്ങനെ
കിത്തോറിലെ മഹൽവാല സ്വദേശിയായ നീനുവിന്‍റെ ഭാര്യ ഡോളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രവേശിക്കപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ഡോളി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിലെ ജീവനക്കാരനായി വേഷമിട്ട ഒരു യുവാവ് കുഞ്ഞിന് വാക്സിനേഷൻ നൽകണമെന്ന് ആവശ്യപ്പെട്ടു. സംശയമൊന്നും തോന്നാത്തതുകൊണ്ട് തന്നെ ഡോളി കുട്ടിയെ യുവാവിന് കൈമാറി. ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ശേഷം സി സി ടി വിയടക്കം പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. കുട്ടിയുമായി ഇയാൾ ഓടിരക്ഷപ്പെടുന്നത് സി സി ടി വിയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വളരെ പെട്ടന്ന് തന്നെ കുട്ടിയെ കണ്ടെത്താൻ പൊലീസിനായി. കുട്ടിയെ വീണ്ടെടുത്ത് മാതാപിതാക്കൾക്ക് കൈമാറിയെന്ന് ഇൻസ്പെക്ടർ ബച്ചു സിംഗ് വ്യക്തമാക്കി. എന്നാൽ പ്രതിയെ ഇനിയും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടുകൾ.