'കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന'; തൃശൂരിൽ 100 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം 2 പേർ പിടിയിൽ
ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം, തൃശൂര്‍ ജില്ലകളിലായി വില്‍പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കൊടകര: തൃശ്ശൂര്‍ കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. പൊലീസ് പരിശോധനയ്ക്കിടെ നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി അജി, ആലത്തൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. പിടിയിലായവരില്‍ അജി എട്ടുകൊല്ലം മുമ്പ് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തു നടന്ന സനല്‍ കൊലക്കേസിലെ പ്രതിയാണ്. കേസിന്‍റെ നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് താന്‍ കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ആന്ധ്രപ്രദേശില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന നൂറു കിലോ കഞ്ചാവാണ് ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡും ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളം, തൃശൂര്‍ ജില്ലകളിലായി വില്‍പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയിലൂടെ കഞ്ചാവ് കടത്ത് നടക്കുന്നു എന്ന രഹസ്യ വിവരം റൂറല്‍ എസ്പി നവനീത് ശര്‍മ്മയ്ക്ക് ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്കായി ക്വാഡിനെ നിയോഗിച്ചത്.
ആന്ധ്രയിലെ കഞ്ചാവ് വില്‍പന സംഘത്തെ നിരീക്ഷിച്ച പൊലീസിന് അവിടെനിന്നാണ് പിടിയിലായ രണ്ടു പേരെപ്പറ്റിയുമുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നുറപ്പിച്ചു. ഇതിന് പിന്നാലെ വാടകയ്ക്കെടുത്ത കാറില്‍ കഞ്ചാവുമായി എത്തിയ അജിയെയും ശ്രീജിത്തിനെയും പൊലീസ് പിന്തുടര്‍ന്നു. പൊലീസിനെ വെട്ടിച്ച് കടന്നുകളായാന്‍ ശ്രമിച്ചെങ്കിലും പ്രതികലെ അന്വേഷണ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
Read More : രഹസ്യ വിവരം കിട്ടി എക്സൈസെത്തി, ഇടുക്കി ചേലച്ചുവട് ബസ്റ്റാൻഡിൽ 14.33 കിലോ കഞ്ചാവുമായി യുവാവിനെ പൊക്കി