നാല് പേര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ ക്രൂരമായി തല്ലി, മൺവെട്ടി കൊണ്ട് അടിച്ചു, റോഡിലൂടെ വലിച്ചിഴച്ചു: ഭാര്യ ജയ
അയൽവാസികളായ ജിഷ്ണുവും ജിജിനും സംഘവും അപ്രതീക്ഷിതമായാണ് രാത്രി സൽക്കാരപ്പാർട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തി ആക്രമിച്ചതെന്ന് രാജുവിന്റെ മകൾ ശ്രീലക്ഷ്മി പറയുന്നു.
തിരുവനന്തപുരം: വർക്കലയിൽ മകളുടെ കല്യാണ ദിവസം കൊല്ലപ്പെട്ട രാജുവിനെ പ്രതികൾ ക്രൂരമായി മർദിച്ചെന്ന് ഭാര്യ ജയ. മൺവെട്ടി കൊണ്ട് അടിച്ച ശേഷം രാജുവിനെ റോഡിലൂടെ വലിച്ചിഴച്ചെന്നും ജയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കേസിലെ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
വലിയവിളാകം ശ്രീലക്ഷ്മിയിൽ വീട്ടിൽ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. മരണ വീടായി മാറിയ വിവാഹ വീട്ടിലെ കണ്ണീർ ഇന്നലെ കേരളമാകെ ഏറ്റെടുത്തിരുന്നു. അയൽവാസികളായ ജിഷ്ണുവും ജിജിനും സംഘവും അപ്രതീക്ഷിതമായാണ് രാത്രി സൽക്കാരപ്പാർട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തി ആക്രമിച്ചതെന്ന് രാജുവിന്റെ മകൾ ശ്രീലക്ഷ്മി പറയുന്നു. കാറിലെത്തിയ നാലംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെയാണ് മർദ്ദനം തുടങ്ങിയത്. രാജുവിന്റെ തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇന്നലെ തന്നെ പിടിയിലായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യാംകുമാർ, മനു എന്നിവർ കുറ്റം സമ്മിതിച്ചിട്ടുണ്ട്. സംഭവ സമയത്ത് പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം. വൈദ്യ പരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
അതേസമയം, റിമാന്റിലുള്ള പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടിയ ശേഷമായിരിക്കും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുക. റൂറൽ എസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശ്രീലക്ഷ്മിയുടെയും അമ്മയുടേയും വിശദമായ മൊഴിയും രേഖപ്പെടുത്തും. സംഭവം നടന്ന രാത്രിയിൽ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്. മരണ വീട്ടിലേക്ക് അനുശോചനവുമായി ഇപ്പോഴും ആളുകളെത്തുകയാണ്. ശ്രീലക്ഷ്മിയും കുടുംബവും ജിഷ്ണുവിൻ്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക മൂലമായിരുന്നു ക്രൂരമായ ആക്രമണം.