സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടി; ഭര്‍ത്താവ് അറസ്റ്റില്‍
48കാരനായ കണ്ണമുണ്ടയിൽ ബിനോയ് ജോസഫിന് 42കാരിയായ ഭാര്യ സിനിയെ കടുത്ത സംശയമാണ്. ഇക്കാരണം പറഞ്ഞ് നിരന്തരം വഴക്കുണ്ടാക്കാറുണ്ട്.
കോട്ടയം : പൈക മല്ലികശ്ശേരിയിൽ സംശയത്തെ രോഗത്തെ തുടർന്ന് ഭർത്താവ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. 42കാരിയായ സിനിയെയാണ് ഭർത്താവ് ബിനോയ് ജോസഫ് ആക്രമിച്ചത്. സംശയരോഗമുള്ള ബിനോയ് വിചിത്ര സ്വഭാവത്തിന് ഉടമയാണെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിനി ചികിത്സയിലാണ്.
48കാരനായ കണ്ണമുണ്ടയിൽ ബിനോയ് ജോസഫിന് 42കാരിയായ ഭാര്യ സിനിയെ കടുത്ത സംശയമാണ്. ഇക്കാരണം പറഞ്ഞ് നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. അങ്ങനെ ഇന്നലെ രാത്രിയുണ്ടായ വഴക്കാണ് കിടപ്പുമുറിയെ രക്തക്കളമാക്കിയത്. രാത്രി 11.30 ഓടെയായിരുന്നു ബിനോയ് സിനിയെ കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചത്.
രണ്ട് ആൺമക്കൾ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. ബഹളം കേട്ടെത്തിയ മക്കളാണ് സിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ തുടർന്നു. സംശയരോഗം കാരണം വിചിത്ര സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ് ബിനോയ് എന്നാണ് പൊലീസ് പറയുന്നത്.
രാത്രി വീടിന്‍റെ വാതിലുകൾ മറ്റൊരു താഴിട്ടു കൂടി പൂട്ടും. ഈ താക്കോൽ സ്വന്തം തലയണക്കടിയിൽ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാൽ പോലും വീട്ടിന് ചുറ്റു റോന്തുചുറ്റും. അതിന്‍റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടാക്കും. ഇങ്ങനെ പോകുന്നു ബിനോയിയുടെ രീതികൾ.
ഈ സ്വഭാവം തന്നെയാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.