'അയനാസും പ്രവീണും തമ്മില്‍ അടുത്ത സൗഹൃദം, പത്തുതവണ വിദേശയാത്ര'; എന്നിട്ടും കൊന്നതെന്തിന്? പൊലീസ് പറയുന്നു
'കൊലപ്പെടുന്നതിന്റെ ഒരു മാസം മുന്‍പ് ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായി. പിന്നാലെ പ്രവീണുമായി അയനാസ് അകല്‍ച്ച സ്ഥാപിച്ചിരുന്നു.'
മംഗളൂരു: ഉഡുപ്പിയില്‍ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എസ്പി കെ അരുണ്‍. കൊല്ലപ്പെട്ട എയര്‍ ഇന്ത്യ ജീവനക്കാരിയായ അയനാസിനോടുള്ള പ്രതി പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി ആവര്‍ത്തിച്ചു. അയനാസിനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതി പ്രവീണ്‍ ഉഡുപ്പിയില്‍ എത്തിയത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണം നടത്തി. ലഭിച്ച വിവരങ്ങളും സമഗ്രമായി പരിശോധിച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്നും പൊലീസ് അറിയിച്ചു.
'പ്രതി പ്രവീണും അയനാസും തമ്മില്‍ കഴിഞ്ഞ എട്ട് മാസമായി പരിചയമുണ്ടായിരുന്നു. പത്തോളം തവണ ജോലിയുടെ ഭാഗമായി അന്താരാഷ്ട്ര വിമാനങ്ങളില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അയനാസിന് മംഗളൂരുവില്‍ വാടക വീട് എടുത്ത് നല്‍കാന്‍ പ്രവീണ്‍ സഹായിച്ചതിന് പിന്നാലെയാണ് സൗഹൃദം വളര്‍ന്നത്. തന്റെ ഇരുചക്രവാഹനവും പ്രവീണ്‍ അയനാസിന് കൈമാറിയിരുന്നു. എന്നാല്‍, കൊലപ്പെടുന്നതിന്റെ ഒരു മാസം മുന്‍പ് ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായി. പിന്നാലെ പ്രവീണുമായി അയനാസ് അകല്‍ച്ച സ്ഥാപിച്ചിരുന്നു.' ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
'കൊലപാതകം നടന്ന ഉഡുപ്പിയിലെ വീട്ടിലേക്ക് മുന്‍പ് പ്രവീണ്‍ വന്നിട്ടില്ല. വിലാസം ചോദിച്ചും, ഗൂഗിള്‍ മാപ്പും ഉപയോഗിച്ചാണ് പ്രതി സ്ഥലത്തെത്തിയത്. ഇയാള്‍ക്ക് കര്‍ണാടകയില്‍ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.' പൂനെയില്‍ കോണ്‍സ്റ്റബിളാകാനുള്ള പരിശീലന കാലയളവില്‍, ആകര്‍ഷകമായ ശമ്പളം അടങ്ങിയ ഓഫര്‍ ലഭിച്ചതോടെ എയര്‍ ഇന്ത്യയുടെ ഭാഗമാവുകയായിരുന്നെന്നും എസ്പി അരുണ്‍ അറിയിച്ചു.
12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം തന്നെ പ്രതിയായ പ്രവീണിനെ ഉഡുപ്പി പൊലീസ് പിടികൂടിയിരുന്നു.
സ്വത്ത് തര്‍ക്കം: പിതാവിന്റെ കണ്ണ് ചൂഴ്ന്ന് യുവ വ്യവസായി, ഒന്‍പത് വര്‍ഷം തടവ്